കോട്ടയം: ഭൗമസൂചികാ പദവി (ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ലഭിച്ചതോടെ തലനാടന്‍ ഗ്രാമ്പൂവിന് ഇനി വിദേശ വിപണിയില്‍ പ്രിയമേറുമെന്ന് പ്രതീക്ഷയില്‍ നാട്ടുകാര്‍. അങ്ങിനെയെങ്കില്‍ കോട്ടയം ജില്ലയിലെ ഈ മലയോര മേഖല സാമ്പത്തികമായും അഭിവൃദ്ധിപ്പെടും. തലനാടന്‍ ഗ്രാമ്പുവിന് ഭൗമസൂചികാ പദവി ലഭിച്ചത് നാലുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ്. ജില്ലയില്‍ മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഉല്‍പ്പന്നത്തിന് ആദ്യമായാണ് ഭൗമസൂചിക പദവി ലഭിക്കുന്നതെന്ന് കര്‍ഷക കൂട്ടായ്മയായ തലനാടന്‍ ക്ലോവ് ഗ്രോവേഴ്സ് ആന്‍ഡ് പ്രോസസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
തലനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തീക്കോയി, മേലുകാവ്, തേടനാട് , മൂന്നിലവ്, ഈരാറ്റുപേട്ട നഗരസഭ എന്നീ തദ്ദേശസ്ഥാപന പ്രദേശങ്ങളിലാണ് തലനാടന്‍ ഗ്രാമ്പൂ കൃഷി ചെയ്യുന്നത്. ഇവിടത്തെ പ്രത്യേക കാലാവസ്ഥ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നു. ഉയര്‍ന്ന ഗുണനിലവാരവും കൂടുതല്‍ വലിപ്പവുമാണ് പ്രത്യേകത.
ഇടുക്കിയിലെ ഗോത്രവര്‍ഗക്കാരുടെ കണ്ണാടി പായയ്ക്കും ഭൗമസൂചികാ പദവി ഇക്കുറി ലഭിച്ചിട്ടുണ്ട്. ആദിവാസി ഗോത്രങ്ങളായ മലയന്‍,കാടര്‍, ഇരുളര്‍, ഊരാന്‍, മണ്ണാന്‍, മുതുവാന്‍ വിഭാഗക്കാര്‍ പ്രത്യേകതരം ഈറ്റ കൊണ്ടാണ് കണ്ണാടി പായ നെയ്യുന്നത്. തിളക്കമുളളതുകൊണ്ടാണ് ഈ പേര് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: