വനംവകുപ്പ് രൂപീകരിച്ച വിദഗ്ധ സമിതിയുടെ പഴയ ആലുവ മൂന്നാര്‍ കാളവണ്ടി റോഡിന്റെ ജൈവവൈവിധ്യ വിലയിരുത്തല്‍ റിപ്പോര്‍ട്ട് -2021
ഉപേക്ഷിക്കപ്പെട്ട റോഡിലൂടെയുള്ള സസ്യജന്തുജാലങ്ങളുടെ വൈവിധ്യത്തെ വിലയിരുത്താനും പ്രാദേശിക, ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍’ (ഐയുസിഎന്‍)റെഡ് ലിസ്റ്റഡ് സ്പീഷിസുകളെ തിരിച്ചറിയാനും വന്യജീവി ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രദേശത്തിന്റെ പ്രധാന ആവാസവ്യവസ്ഥാ മൂല്യങ്ങള്‍ വിലയിരുത്താനും ഈ പഠനം ശ്രമിച്ചു.
പഠനത്തിന്റെ കണ്ടെത്തലുകള്‍
ഏകദേശം 100 വര്‍ഷത്തിനിടയില്‍ പ്രാദേശിക സസ്യങ്ങള്‍ റോഡരികില്‍ വളര്‍ന്നുവരികയും അത് വന ആവാസവ്യവസ്ഥയുടെ ഭാഗമായി മാറുകയും ചെയ്തു.
റോഡരികിലുള്ള വനപ്രദേശങ്ങളില്‍ നിന്ന് രേഖപ്പെടുത്തിയിരിക്കുന്നതില്‍ -60.4% ചെറിയ ജന്തു വിഭാഗങ്ങളും 26.2% സസ്യ ഗ്രൂപ്പുകളും ഐയുസിഎന്‍ റെഡ് ലിസ്റ്റ് ഡാറ്റയില്‍പെട്ടവയാണ്. 83 സസ്യ ഇനങ്ങളും 38 ഇനം ചെറിയ ജന്തു വിഭാഗങ്ങളും 7 ഇനം വലിയ മൃഗജാതികളും പശ്ചിമഘട്ടത്തിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും മാത്രം കാണപ്പെടുന്നവയാണ്. ഗതാഗത യോഗ്യമായ പാത ഉണ്ടാക്കാനുള്ള എതൊരു ശ്രമവും ഈ ജീവജാലങ്ങളുടെ ഉന്മൂലനത്തിന് കാരണമാകും.
പാത വിണ്ടും തുറന്നാല്‍ വലിയ തോതില്‍ വന്‍ മരങ്ങളും ഈറക്കാടുകളും ജൈവവൈവിധ്യത്താല്‍ സമ്പന്നമായ നദിതടങ്ങളിലെ സസ്യജീവജാലങ്ങളേയും നിഷ്‌കാസനം ചെയ്യേണ്ടിവരും.
റോഡ് വീണ്ടും തുറക്കുന്നത് വന്യജീവികള്‍ക്കും, പൂയം കൂട്ടി, ഇടമലയാര്‍ നദിതടങ്ങളിലെ ഈ വലിയ, തുടര്‍ച്ചയായ വനങ്ങള്‍ നല്‍കുന്ന പരിസ്ഥിതി സേവനങ്ങള്‍ക്കും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കും. പാരിസ്ഥിതിക ഇടനാഴികള്‍ തടസ്സപ്പെടുത്തുക വഴി, ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെടുന്നതിനും മനുഷ്യ-വന്യ മൃഗ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. കാരണം ഈ റോഡിന്റെ പകുതിയോളം ഈറ്റ പടര്‍പ്പുകളാണ്. ഇവിടെ വര്‍ഷം മുഴുവനും ആനകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
പെരിയാറിന്റെ 62 അരുവികളും കൈവഴികളും താണ്ടി പോകുന്ന ഈ റോഡില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍-പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെയും തീവ്രമായ കാലാവസ്ഥാ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ -പാലങ്ങള്‍, കലുങ്കുകള്‍, ബലപ്പെടുത്തുന്ന ഭിത്തികള്‍ എന്നിവയുടെ വലിയ എണ്ണത്തിലുള്ള നിര്‍മാണങ്ങള്‍ ആവശ്യമാണ്.
പഴയ റോഡിനെ ഗതാഗത യോഗ്യമാക്കി പുനരുജ്ജീവിപ്പിക്കാനുള്ള ഏതൊരു ശ്രമവും സസ്യ-ജന്തുജാലങ്ങളുടെ നഷ്ടത്തിന് കാരണമാകുമെന്ന് പഠനം ശാസ്ത്രീയമായി സ്ഥാപിക്കുന്നു.
ലീനിയര്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ആനകളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍
പഴയ ആലുവ-മൂന്നാര്‍ റോഡ് കേരളത്തിലെ നാല് ആന സങ്കേതങ്ങളില്‍ ഒന്നായ ആനമുടി ആന സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്നു. ഈ തുടര്‍ ആവാസ വ്യവസ്ഥയുടെ പ്രാധാന്യം കാണിക്കുന്ന ഒന്നാണ്, വന്യമൃഗ സങ്കേതങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആനക്കുളത്തേക്ക് നിരവധി ആനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നു എന്നത് ഈ റോഡ് കടന്നുപോകുന്ന ആവാസവ്യവസ്ഥയുടെ സവിശേഷമായ പ്രതിഭാസവുമാണ്. ഈ ആനക്കൂട്ടങ്ങള്‍ ധാരാളം വിനോദസഞ്ചാരികളേയും ആകര്‍ഷിക്കുന്നു.
വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ജേണലായ Trumpet ല്‍ പ്രസിദ്ധീകരിച്ച ‘ലീനിയര്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ വന്യജീവികളുടെ മേല്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ലഘൂകരിക്കാനുള്ള പരിസ്ഥിതി സൗഹൃദ നടപടികള്‍”, ലീനിയര്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളുടെ അവലോകനം എന്നീ ലേഖനങ്ങളിലൂടെ ആനകളുടെ വാസസ്ഥലങ്ങളിലെ റോഡുകള്‍ക്കെതിരെ പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു. ”ആനകളുടെ ആവാസ സ്ഥലങ്ങളിലെ സ്വസ്ഥത തടസ്സപ്പെടുത്താന്‍ റോഡുകളുടെ നിര്‍മാണത്തിന് കഴിയും. പുതിയ മേഖലകള്‍ ആനകള്‍ ജീവിക്കാന്‍ തിരഞ്ഞെടുക്കുക വഴി മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യതകളും ഏറും. പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലകളില്‍ നിന്നും മനുഷ്യസാന്നിധ്യം ഒഴിവാക്കല്‍ എന്ന നയം വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്യുന്നു. ”ലാന്‍ഡ്‌സ്‌കേപ്പിലെ റോഡുകളുടെ റൂട്ടിങ് തന്ത്രപ്രധാനമായ ലാന്‍ഡ്‌സ്‌കേപ്പ് തലത്തില്‍ ആസൂത്രണം ചെയ്യണം. അവ വന്യജീവികള്‍ക്ക് പ്രാധാന്യമില്ലാത്ത പ്രദേശങ്ങളില്‍ നിര്‍മിക്കണം. മാത്രമല്ല അവയുടെ ആവാസ വ്യവസ്ഥകളെ വിഭജിക്കുകയോ വിഘടിക്കുകയോ ചെയ്യരുതെന്നും പറയുന്നു. ഈ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിലൂടെ റോഡ് അലൈന്‍മെന്റ് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നിര്‍മാണം നടപ്പിലാക്കുന്ന ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനമുടി ആന സങ്കേതത്തിലെ ഈ പ്രത്യേക ഭൂപ്രകൃതിയില്‍ ആളുകള്‍ക്ക് ഉപകാരപ്രദമായ ധാരാളം റോഡുകള്‍ മാങ്കുളത്തേക്ക് ഉള്ളതായി കാണാം. (1) മച്ചിപ്ലാവ്-വിരിപ്പാറ റോഡ് (2) കല്ലാര്‍-മാങ്കുളം റോഡ്, (3) മൂന്നാര്‍-മാങ്കുളം റോഡ്. ഈ റോഡുകള്‍ വന്യജീവികള്‍ക്ക് അത്ര പ്രാധാന്യമില്ലാത്ത പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഉപസംഹാരം
1906 ല്‍ യൂറോപ്യന്‍ പ്ലാന്റര്‍മാരുണ്ടാക്കിയ പഴയ ആലുവ-മൂന്നാര്‍ റോഡ് 1924 ലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. മൂന്നാറിനെയും കോതമംഗലത്തേയും ബന്ധിപ്പിച്ച് ഒരു ബദല്‍ റോഡ് നിര്‍മ്മിച്ചു. അത് പിന്നീട് ദേശീയപാതയായി നവീകരിക്കപ്പെട്ടു. 100 വര്‍ഷത്തിനിടയില്‍ ഉപേക്ഷിക്കപ്പെട്ട റോഡ്, അതുല്യമായ ജൈവവൈവിധ്യ മൂല്യങ്ങളുള്ള പ്രകൃതിദത്ത വന്യതയിലേക്ക് തിരിച്ചു വന്നു. കൂടാതെ പഴയ അലൈന്‍മെന്റില്‍ മനുഷ്യവാസമില്ല. പഴയ പാത കടന്നുപോകുന്ന വനം, 1895-ല്‍ റിസര്‍വ്ഡ് ഫോറസ്റ്റായി വിജ്ഞാപനം ചെയ്യപ്പെട്ടു. ഇപ്പോള്‍ ആനകള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ആവാസവ്യവസ്ഥയാണ് ആനക്കുളത്തുള്ളത്. മണ്‍സൂണ്‍ കാലത്ത് കനത്ത മഴ അനുഭവപ്പെടുന്ന അസ്ഥിരമായ ഭൂപ്രദേശത്തിലൂടെ പഴയ റോഡും കടന്നുപോകുന്നു. വനത്തിന്റെ വളര്‍ച്ച പഴയ വിന്യാസം വീണ്ടെടുത്തതിനാല്‍, ഈ റോഡിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏതൊരു ശ്രമവും വനസംരക്ഷണ നിയമം 1980-ലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം. കാരണം വനഭൂമി കൈവശം വച്ചിരിക്കുന്ന ഏജന്‍സിയെ പരിഗണിക്കാതെ തന്നെ, ഗോദവര്‍മന്‍ കേസ് അനുസരിച്ച് ‘വനം’ എന്ന വാക്കിന്റെ നിഘണ്ടു അര്‍ത്ഥം സാര്‍ത്ഥകമാക്കപ്പെടുന്നു. അതിനാല്‍ പാരിസ്ഥിതികമായും സാമൂഹികമായും നിയമപരമായും സാമ്പത്തികമായും ഉപേക്ഷിക്കപ്പെട്ട പഴയ റോഡ് പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദ്ദേശം അസാധുവാണ്. അത് ഉപേക്ഷിക്കേണ്ടതുമാണ്.
കേവലം വ്യക്തിഗത താല്‍പ്പര്യങ്ങളും കക്ഷി രാഷ്‌ട്രീയ താല്‍പ്പര്യങ്ങളുമല്ല പ്രധാനം.
പകരം പരിഗണന നല്‍കേണ്ടത് രാഷ്‌ട്രത്തിന്റെ പൊതു സമ്പത്തും അമൂല്യമായ വനസമ്പത്തും സംരക്ഷിക്കുന്നതിനാവണം. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. റിസോര്‍ട്ടുകളെക്കാള്‍ രാഷ്‌ട്രത്തിനാവശ്യം റിസോഴ്‌സുകളാണ് (പ്രകൃതി വിഭവങ്ങള്‍).
അവസാനിച്ചു
(പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)
















