കോട്ടയം: കല്ലറ മാലിക്കരി പാടശേഖരത്തില്‍ 42 ടണ്‍ നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുന്നു. 100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ 23 കിലോ താര (കിഴിവ് )വേണമെന്ന് മില്ലുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇത്രയും കിഴിവു നല്കിയാല് കൃഷിയിറക്കിയ തങ്ങള്‍ക്ക് പണിക്കൂലി പോലും കിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. രണ്ടാഴ്ച മുന്‍പ് കൊയ്ത 253 ഏക്കറിലെ 40 കര്‍ഷകരുടെ നെല്ലാണ് പാടശേഖരത്തില്‍ ശേഷിക്കുന്നത്. കൊയ്ത്തു കഴിഞ്ഞയുടനെ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ നാലുലോഡ് നെല്ല് വിത്തിനായി ഏറ്റെടുത്തിരുന്നു. 42 ടണ്ണാണ് ഇനി ശേഷിക്കുന്നത്. 23 ശതമാനം കിഴിവ് ചോദിക്കുന്നത് കേട്ടുകേള്‍വില്ലാത്ത കാര്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. പാഡി ഓഫീസ് ഉദ്യോഗസ്ഥരും കൃഷി വകുപ്പും മില്ലുടമകളും ചേര്‍ന്ന് കര്‍ഷകരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. ഇത്രയും കിഴിവ് നല്കിയാല് മാത്രം പോരാ നെല്ല് സൗകര്യപ്രദമായ സ്ഥലത്ത് എത്തിച്ചു കൊടുത്താല്‍ മാത്രമേ സംഭരിക്കാന്‍ കഴിയൂ എന്നും മില്ലുടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: