പി.രാജന്
കര്‍ക്കടകം. കര്‍ക്കട മാസത്തിലെ രാമായണ പാരായണം പുണ്യമെന്നാണ് കരുതുന്നത്. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാമായണ പ്രഭാഷണം നടത്തുന്നത് പുണ്യം കിട്ടാനോ കര്‍ക്കടകത്തിലെ ദുര്‍ഘടം മാറാനോ ഒന്നുമല്ല.
രാമായണത്തിന്റേയും ഭാരത സംസ്ക്കാര പൈതൃകത്തിന്റേയും കുത്തക ആര്.എസ്.എസ്. കരസ്ഥമാക്കിക്കളയുമോ എന്ന ഭീതിയാലാണ്. രാമായണവും ഇന്ത്യന്‍ പൈതൃകവും എന്ന വിഷയത്തെ അധികരിച്ച് ഏഴ് ദിവസത്തെ പ്രഭാഷണ പരമ്പരയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലപ്പുറം ജില്ല കമ്മിറ്റി ഇക്കഴിഞ്ഞ വാരം സംഘടിപ്പിച്ചത്. കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്, മുല്ലക്കര രത്നാകരന്, കെ.പി.അഹമ്മദ്, അജിത് കൊളാടി തുടങ്ങിയവരായിരുന്നു പ്രഭാഷകര്‍.
ആര്.എസ്.എസ്സ് ഇല്ലായിരുന്നുവെങ്കില്‍ ഭാരതീയ സാംസ്ക്കാരിക പൈതൃകം എന്നേ കുഴിച്ചു മൂടപ്പെടുമായിരുന്നുവെന്ന് 40 വര്‍ഷങ്ങള്‍ക്ക്മുമ്പ് ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കാര്യം ഈ രാമായണ പ്രഭാഷണം എന്നെ ഓര്‍മ്മപ്പെടുത്തുന്നു. രാമായണത്തേയും മഹാഭാരതത്തേയുമെല്ലം സംഘപരിവാര്‍ സംഘടനകള്‍ അവരുടെ താല്പ്പര്യങ്ങള്ക്കനുസ്സരിച്ച് വളച്ചൊടിക്കുന്നത് തടയാനാണത്രേ കമ്മ്യൂണിസ്റ്റുകാര്‍ രാമായണ പ്രഭാഷണം സംഘടിപ്പിച്ചതത്രേ.
ഭാരതീയ സാംസ്ക്കാരിക പൈതൃകകങ്ങളില് നിന്നകന്ന് പോയ കമ്മ്യൂണിസ്റ്റ്കാരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ എന്നേ ഞാന്‍ പറയൂ. ആ സാംസ്ക്കാരിക പൈതൃകം സമ്പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യപ്പെടാതെ സംരക്ഷിക്കുകയാണ് ആര്.എസ്.എസ്സുകാര്‍ ചെയ്തത്. ആര്.എസ്.എസ്സിനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴുണ്ടായ ഈ ആശങ്ക വസ്തവത്തില്‍ ആര്.എസ്.എസ്സിന് ലഭിക്കുന്ന ആദരവാണ്.
എസ്.എ.ഡാങ്കേയുടെ മരുമകനായ ദേശ്പാണ്ഡേ രചിച്ച ‘വേദാന്തത്തിന്റെ പ്രപഞ്ചം’ എന്ന കൃതിയെ ഇ.എം.എസ്. അടക്കമുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ‘പ്രതിലോമകരം’, ‘പിന്തിരിപ്പനാശയം’ എന്നൊക്കെ പറഞ്ഞ് നിശിതമായ ആക്രമിച്ച കഥ ഇത്തരുണത്തില്‍ ഓര്മ്മിക്കുന്നത്നന്നായിരിക്കും. വേദാന്തത്തിലെ പ്രപഞ്ച സങ്കല്‍പ്പത്തെക്കുറിച്ച് ആ കൃതിയില്‍ പ്രശംസിച്ചിരുന്നു. ഉദ്പാദനരീതിയുടെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട ഭൗതിക സിദ്ധാന്തത്തില്‍ നിന്ന് വ്യതിചലിക്കുന്ന ദര്‍ശനങ്ങള്‍ക്കും ആശയങ്ങള്‍ക്കും എന്നും എതിരായിരുന്നല്ലോ കമ്മ്യൂണിസ്റ്റുകാര്‍. പൗരാണിക ഭാരതത്തിന്റെ പുരോഗമന ചിന്തയെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ ബുദ്ധിജീവികളും പൊതുവേ എതിര്‍ക്കുകയാണ് പതിവ്.
ഒരു വശത്ത് അത്തരം ആര്‍ഷ ഭാരത ചിന്തകള്‍ അവരുടെ ഭൗതിക വാദ വ്യാഖ്യാനത്തിന് എതിരാണ്. മറുവശത്ത് ബ്രാഹ്മണ മേധാവിത്വത്തിനെ മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്ന ആരോപണം തങ്ങള്‍ക്ക് മേല്ആരോപിക്കപ്പെടുമോ എന്ന ഭയവും ധര്‍മ്മ സങ്കടവും അവരെ ആശയക്കുഴപ്പത്തിലാക്കി. പ്രത്യേകിച്ച് ഇ.എം.എസ്സിനെപ്പോലുള്ളവരെ.
ഈ ആശയക്കുഴപ്പം അവരെ വര്‍ഷങ്ങളോളം വേട്ടയാടുകയും ചെയ്തിരുന്നു. ഒളപ്പമണ്ണ വേദങ്ങളെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇ.എം.എസ്. നിലപാട് മാറ്റിയത്. വേദങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണെന്ന് അഭിപ്രായപ്പെടാന്‍ അപ്പോഴാണ് അദ്ദേഹം തയ്യാറായത്. ഭാരതീയ സംസ്ക്കാരത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റുകാരുടേയും ഇടതുപക്ഷക്കാരുടേയും സമീപനത്തിലെ ആശയക്കുഴപ്പവും വൈരുദ്ധ്യവും ഇന്നും നിലനില്ക്കുന്നു. രാമായണത്തോടുള്ള അവരുടെ സമീപനത്തില്‍ അത് കാണാന്‍ കഴിയും.
ഇതിഹാസങ്ങള്‍ ഇല്ലാതാകണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്ന ദിനങ്ങള്‍ പോയ്മറഞ്ഞു. എങ്കിലും ദൂരദര്‍ശനിലെ രാമായണ സംപ്രേഷണം
സംഘപരിവാര്‍ സംഘടനകളുടെ അടിത്തറ വിപുലീകരിക്കാനുതകിയെന്നും അവടെ ആശയങ്ങള്‍ക്ക് ശക്തി പകര്‍ന്നുവെന്നും പ്രചരിപ്പിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളുണ്ട്. ഉദാഹരണത്തിന് ആജീവനാന്തനേട്ടത്തിനുള്ള കേരള സര്‍ക്കാരിന്റെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡ് നേടിയഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍ ഇപ്പോഴും ആ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്നയാളാണ്.
ശശികുമാറിന് അവാര്‍ഡ് ലഭിക്കുന്നത് ഈ രാമായണ മാസത്തിലായി എന്നത് ഒരുപക്ഷേ വിരോധാഭാസമായിരിക്കാം. അതുപോലെ രാമായണത്തെ ആര്.എസ്.എസുകാര്‍ സ്വന്തമാക്കുന്നത് തടയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ രാമായണ പ്രഭാഷണം നടത്തിയത് രാമായണ മാസത്തിലെന്നതും കൗതുകമുണര്‍ത്തുന്നു.
ഭാരതീയ നവോത്ഥാനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നും രാമായണത്തെ അകറ്റി നിര്‍ത്താന്‍ പററില്ല. അത് അസാദ്ധ്യമാണ്.
( രാഷ്ടീയ നിരീക്ഷകനായ പി.രാജന്,മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )
പ്രതികരിക്കാൻ ഇവിടെ എഴുതുക: