ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വാർ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവിന്റെ വീട്ടിൽ വൈകാരിക രംഗങ്ങൾ . 28 കാരനായ സിദ്ധാർത്ഥിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ 11-ാം ദിവസമായിരുന്നു സംഭവം. പ്രണയിനി സോണിയ യാദവ് സിദ്ധാർത്ഥിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത് എല്ലാവരുടെയും കണ്ണ് നനയിച്ചു.
നവംബർ 2 നാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത് . ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം.
അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഇന്ന് ഹരിയാനയിലെ മജ്ര ഭൽഖിയിലുള്ള അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിൽ പൂർണ്ണ സൈനിക ബഹുമതികളോടെ നടത്തി. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടവരും , ഗ്രാമവാസികളും അന്തിമോപചാരം അർപ്പിച്ചു
















