തിരുവനന്തപുരം : ബജറ്റിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉമ്മന്‍ചാണ്ടി പോയത് ഏഴ് പേജുള്ള പ്രസംഗവുമായി. കേന്ദ്രത്തിനെ കുറ്റപ്പെടുത്താനുള്ള പ്രസംഗമെന്നതിനപ്പുറം കേരളത്തിന്റെ ആവശ്യങ്ങളൊന്നും അവതരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. കേരളത്തില്‍ അതിനായി ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്താന്‍ കഴിയാതിരുന്നതാണ് കാരണം.
ധനകാര്യവകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏതാനും മാസമായി യാതൊന്നും നടക്കുന്നില്ല. പ്രത്യേകിച്ച് കെ.എം. മാണി പ്രതിക്കൂട്ടിലായതിനെത്തുടര്ന്ന്. അതിനാല്‍ പുതിയ ബജറ്റില്‍ കേരളത്തിന് വേണ്ടതെന്താണെന്ന് നിര്‍ദ്ദേശിക്കാനോ നിലവിലുള്ള പദ്ധതികളില്‍പ്പെടുത്തി എങ്ങനെ കൂടുതല്‍ ഫണ്ട് ലഭ്യമാക്കാമെന്നോ ഒരാലോചനയും നടന്നിട്ടില്ല. ഇത് സംബന്ധിച്ച് എംപിമാരുടെ യോഗം വിളിച്ചിരിക്കുന്നതുതന്നെ ഫെബ്രുവരി 18നാണ്. ഫെബ്രുവിരി 28നാണ് കേന്ദ്ര ബജറ്റ്. ബജറ്റില്‍ കേരളത്തിന് ഗണകരമായ കാര്യങ്ങള്‍ ഉണ്ടാകാന്‍ വേണ്ടിയാണ് എംപിമാരുടെ യോഗം സംസ്ഥാനതലത്തില്‍ വിളിക്കാറ്. പത്ത് ദിവസം മുമ്പുമാത്രം യോഗം വിളിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിതി ആയോഗ് യോഗത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി പ്രസംഗം നടത്തിയത്.
നിതി ആയോഗ് യോഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് യോഗം നടക്കുന്ന കാര്യം അറിഞ്ഞത് രണ്ടുദിവസം മുമ്പായതിനാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് സമയം ലഭിച്ചില്ലെന്നാണ്. മുഖ്യമന്ത്രിയുടെ വാക്കുകേട്ടാല്‍ തോന്നും കേന്ദ്രം വിളിക്കുന്ന യോഗത്തിന്റെ തീയതിയനുസരിച്ചാണ് കേരളത്തിന് എന്തൊക്കെ വേണമെന്ന് തീരുമാനിക്കാനെന്ന്. യഥാര്‍ത്ഥത്തില്‍ ബജറ്റിനെ സംബന്ധിച്ച് സംസ്ഥാനത്ത് യാതൊന്നും നടന്നിട്ടില്ല. ആരോപണങ്ങളിലും അഴിമതിയിലും മുങ്ങി ഭരണം തന്നെ പ്രതിസന്ധിയിലായതാണ് ഇതിന് കാരണം. സംസ്ഥാനത്തിന്റെ ഈ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് ഇന്നലെ ദല്‍ഹിയില്‍ ഉമ്മന്‍ചാണ്ടി പെടാപ്പാട് പെട്ടത്.
മറ്റ് സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യവസ്ഥാപിതമായി അവതരിപ്പിച്ച് നിതി ആയോഗ് യോഗത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ ഒന്നും പറയാനില്ലാതിരുന്ന ഉമ്മന്‍ചാണ്ടി ഏഴുപേജുള്ള പ്രസംഗം എഴുതി വായിച്ച് സംതൃപ്തിയടഞ്ഞു. കേന്ദ്ര പദ്ധതികളായ ജന്‍ധന്‍ യോജനയും ബേട്ടി ബച്ചാവോയും കേരളത്തിന് ആവശ്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ജന്‍ധന്‍ മികച്ച രീതിയില്‍ നടപ്പാക്കിയെന്ന് നേരത്തെ അഭിമാനം കൊണ്ടിരുന്ന മുഖ്യമന്ത്രിയാണ് യോഗത്തില്‍ മലക്കംമറിച്ചില്‍ നടത്തിയിരിക്കുന്നത്.
കുടുംബശ്രീയും ആശ്രയ പദ്ധതികളും മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി വ്യാപിപ്പിക്കാനുള്ള ശുപാര്‍ശയും ഉമ്മന്‍ചാണ്ടി പ്രസംഗത്തില്‍ നടത്തി. നിലവിലുള്ള പദ്ധതികള്‍ വേണ്ടെന്ന് പറയുകയും കേരളത്തിലെ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുകയും ചെയ്തതുകൊണ്ട് കേരളത്തിന് എന്തുഗുണം എന്നതിനാണ് പ്രസക്തി. കുടുംബശ്രീയും ആശ്രയയും മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി നടപ്പാക്കിയാല്‍ കേരളത്തിന്റെ പദ്ധതിയെന്ന് വീമ്പടിക്കാമെന്നല്ലാതെ സംസ്ഥാനത്തിന് നയാപൈസയുടെ പ്രയോജനം ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: