മാനന്തവാടി/ ചാവക്കാട്: മുനമ്പത്തെ വഖഫ് ഭീകരതക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കണ്ടില്ലെന്ന് നടിച്ച് പിണറായി സര്‍ക്കാര്‍. ഇതിനിടയിലും വഖഫ് ഭീകരത തുടരുകയാണ് വയനാട്ടിലും ചാവക്കാടും കയ്യേറ്റ നടപടികളുമായി ഭീഷണി മുഴക്കുകയാണ്.
തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി വഖഫിന്റെതെന്ന് കാട്ടി ഭൂമി ഉടമക്ക് നോട്ടീസ്. പുതിയിടം ആലക്കണ്ടിയില്‍ രവിക്കും സമീപവാസികളായ ഉടമകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഇവര്‍ കാലങ്ങളായി താമസിച്ചു വരുന്ന സ്ഥലം തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് വഖഫ് അവകാശപ്പെടുന്നത്. ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. നോട്ടീസ് ലഭിച്ചതോടെ പിറന്നുവീണ മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ഇവര്‍. പത്തിലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. 1966ല്‍ വിലക്ക് വാങ്ങിയ ഭൂമി വരെ ഇതില്‍പ്പെടുന്നുണ്ട്.
വഖഫ് ഭീകരത ഉയര്‍ത്തുന്ന ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഈ കുടിയിറക്കല്‍ ഭീഷണിയും. ഭീതിയിലാണെങ്കിലും തങ്ങളുടെ മണ്ണില്‍ നിന്ന് മരിക്കേണ്ടി വന്നാലും ഇറങ്ങില്ല എന്നാണ് ഈ കുടുംബങ്ങള്‍ പറയുന്നത്. വിവരം പുറത്തറിഞ്ഞതോടെ പ്രദേശിക സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് വരെ പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് ഈ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
അതിനിടെ ചാവക്കാട് മകളുടെ വിവാഹത്തിന് വേണ്ടി ബാങ്ക് വായ്പയെടുക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് മണത്തല വില്ലേജ് ഓഫീസില്‍ പോയപ്പോഴാണ് തന്റെ ആകെയുള്ള 10 സെന്റ് ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച് നോട്ടിസ് നല്കിയ വിവരം വലിയകത്ത് ഹനീഫ അറിയുന്നത്. വസ്തു ക്രയവിക്രയത്തിനാവശ്യമായ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റോ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നാണ് വഖഫ് ബോര്‍ഡില്‍ നിന്നും മണത്തല വില്ലേജ് ഓഫീസിലേക്ക് നോട്ടിസ് വന്നത്.
ഹനീഫ മാത്രമല്ല ആറ് സര്‍വ്വേ നമ്പറുകളിലായി പതിനേഴ് ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന ഇരുനൂറിലധികം കുടുംബങ്ങളാണ് മണത്തല വില്ലേജില്‍ വഖഫ് ബോര്‍ഡില്‍ നിന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. നൂറ് വര്‍ഷത്തിലധികമായി താമസിക്കുന്ന പരമ്പരാഗത സ്വത്തുക്കളിലും വില കൊടുത്ത് വാങ്ങിച്ചവയിലും പട്ടയം ലഭിച്ച വസ്തുക്കളിലും വഖഫ് അവകാശമുന്നയിച്ചതിലെ ഭീകരതയില്‍ പകച്ചിരിക്കുകയാണ് മണത്തല നിവാസികള്‍.
ചാവക്കാട് നഗരസഭ ഇരുപതാം വാര്‍ഡില്‍ മണത്തല പള്ളിയുടെ പുറകിലുള്ള സ്ഥലത്താണ് വഖഫ് ബോര്‍ഡ് അതിക്രമം. സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും യാതൊരു അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല. ചാവക്കാട് മണത്തല നിവാസികളുടെ ഈ അവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാവ് അന്മോല് മോത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: