സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ ആഹ്വാനം ശ്രദ്ധേയവും സമയോജിതവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. വഖഫ് ഭീകരതയ്ക്ക് ഇരയായി കിടപ്പാടം പോലും അന്യമാകുന്ന, നിസ്സഹായരായ മുനമ്പം ജനതയ്ക്കു വേണ്ടി, ഇടത്-വലതു മുന്നണികള്‍ക്ക് ശക്തമായ താക്കീതു നല്‍കുന്നതായി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന. മുമ്പ് വോട്ട് ചെയ്തിരുന്നവര്‍ക്ക് ഇനിയും വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.
നൂറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ജാതിമത ഭേദമെന്യേ മുനമ്പം നിവാസികള്‍ കുടിയൊഴിയേണ്ട സാഹചര്യം, ഒട്ടും സുതാര്യമല്ലാത്ത നിയമം മൂലമുണ്ടായിരിക്കുന്നു. ഇതു ജനാധിപത്യത്തിനു കളങ്കമാണ്, മനുഷ്യത്വരഹിതമാണ്.
മുനമ്പത്തെ സമരം രാഷ്ട്രീയ നേതാക്കള്‍ക്കു പ്രശ്നമാകുന്നത് അടുത്ത തെരഞ്ഞെടുപ്പിലാണ്. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്ത് കണക്കു ചോദിക്കാന്‍ തക്ക ബുദ്ധിയും വിവേകവുമുള്ള ജനതയാണ് നമ്മള്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുമ്പോള്‍, എന്നും ചെയ്തു പരിചിതമായ അതേ ചിഹ്നങ്ങളില്ത്തന്നെ, അതേ കക്ഷികള്‍ക്കുതന്നെ വോട്ട് ചെയ്യണമെന്ന് ആരും നിര്‍ബന്ധം പിടിക്കരുത്. വോട്ടുകള്‍ മാറ്റിച്ചെയ്യാനും അറിയാമെന്ന് നാം കാണിച്ചുകൊടുക്കണം, തെളിയിക്കണം, സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആര്‍ച്ച്ബിഷപ്പ് ഇങ്ങനെ പറഞ്ഞത്.
ളോഹയിട്ടവര്‍ മുനമ്പത്തു വന്ന് വര്‍ഗീയത പറയുകയാണെന്ന് ആരോപിച്ച സിപിഎം നേതാവും സംസ്ഥാന വഖഫ് മന്ത്രിയുമായ വി. അബ്ദുറഹ്മാന് ആര്‍ച്ച് ബിഷപ്പ് വാര്‍ത്താ സമ്മേളനത്തില്‍ ചുട്ട മറുപടി കൊടുത്തു. ”മന്ത്രി പറഞ്ഞതിന്റെ പേരില്‍ എന്റെ വസ്ത്രം ഊരിമാറ്റുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ പറയുന്ന ആശയങ്ങള്‍ മാറ്റുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഞങ്ങള്‍ ഇവരെ സംബന്ധിച്ച് (മുനമ്പത്തുകാര്‍) ഇടയന്മാരാണ്. ഞങ്ങള്‍ നേതൃത്വം നല്കുന്ന ഈ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ അവരുടെ കൂടെ നില്ക്കുന്നില്ലെങ്കില് ഒറ്റുകാരാകും. ഞങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ളോഹ മാറ്റി ഖദര്‍ ഷര്‍ട്ടിട്ടോ ചുവന്ന ഷര്‍ട്ടിട്ടോ വന്നു നില്‍ക്കാനൊന്നും പറ്റില്ല. അതല്ലല്ലോ അതിന്റെ മാര്‍ഗം”, മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
മുനമ്പം മാത്രമല്ല, കണ്ണായ സ്ഥലങ്ങളെല്ലാം വഖഫ് കണ്ണുവച്ചിരിക്കുകയാണ്. തളിപ്പറമ്പ് നഗരം വഖഫിന്റെ സ്വത്താണെന്ന അവകാശവാദം ഉയര്‍ന്നുകഴിഞ്ഞു. ഇനി ഏതൊക്കെ സ്ഥലം വഖഫിന്റേതാണെന്ന ന്യായം ഉയരുമെന്നതിന് ഒരു നിശ്ചയവുമില്ല. ശബരിമല വഖഫ് ഭൂമിയാണെന്ന് പറയില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? അവിടെ വാവരുടെ പള്ളിയുണ്ട്. അതു ചൂണ്ടിക്കാട്ടി വാദിക്കാന്‍ എളുപ്പമാണ്. തഞ്ചം കിട്ടിയാല്‍ ഗുരുവായൂരും അവകാശവാദമുയരാം. ഗുരുവായൂര്‍ ജയിക്കുന്നത് ലീഗാണെന്ന ന്യായവും പറയാം. ഇത് വര്‍ഗീയമാണെന്ന ന്യായം കാട്ടി എതിര്‍ക്കാന്‍ ആളുണ്ടാകും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ആന്ധ്രയിലും തമിഴ്നാട്ടിലും തെലങ്കാനയിലും പ്രശ്നം ഗുരുതരമാണ്. ഉത്തരേന്ത്യയിലും വഖഫ് ഭൂമി വാദം ശക്തിപ്പെടുകയാണ്.
തൃശൂരില്‍ നിന്ന് വരുന്ന വാര്‍ത്ത വ്യത്യസ്തമാണ്. ചേലക്കരയില്‍ ഒരു മുസ്ലിം പള്ളി തന്നെ വഖഫിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മഹല്ല് കമ്മിറ്റി ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്നു. എല്ലാ മതങ്ങള്‍ക്കും എല്ലാ മതവിശ്വാസികള്‍ക്കും ഈ അധിനിവേശം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വ്യാപകമായ രീതിയില്‍ വഖഫിന്റെ അധിനിവേശം സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടും എല്‍ഡിഎഫും യുഡിഎഫും പ്രതികരിക്കുന്നില്ല. ഇരുമുന്നണികളും വഖഫിന്റെ അധിനിവേശത്തിനോടൊപ്പമാണെന്ന് വ്യക്തമാണ്. നിയമസഭയില്‍ അവര്‍ ഏകകണ്ഠേന പ്രമേയം പാസാക്കി. ജനങ്ങളുടെ സ്വത്തവകാശത്തിനുമേല് ഉന്നയിക്കപ്പെട്ടിരിക്കുന്ന ഈ അധിനിവേശത്തിന് മുമ്പില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഇടത് വലത് മുന്നണികള്‍ സന്ധി ചെയ്യുന്ന സാഹചര്യത്തിലാണ് ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തിരുമേനിയുടെ ആഹ്വാനം പ്രസക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: