വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പൂര്‍ണഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഡൊണാള്‍ഡ് ട്രംപ് നേടിയത് ആധികാരിക വിജയമെന്ന് വ്യക്തമായി. 2016ലെ വിജയത്തേക്കാള്‍ മികച്ച വിജയമാണ് ഇത്തവണ ട്രംപ് കരസ്ഥമാക്കിയത്.
അരിസോണയിലെ ഫലപ്രഖ്യാപനം കൂടി പൂര്‍ത്തിയായതോടെ ഡൊണള്‍ഡ് ട്രംപിന് 312 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. 226 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് കമല ഹാരിസിന് നേടാനായത്. അട്ടിമറി വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ച് 86 വോട്ടുകളുടെ തോല്‍വി വലിയ തിരിച്ചടിയാണ്.
ഏഴു സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിനാണ് വിജയം. ട്രംപിന് രാജ്യവ്യാപകമായി 74.6 ദശലക്ഷം വോട്ടുകള്‍ ലഭിച്ചു, 50.5 ശതമാനം. കമല ഹാരിസിന് 70.9 ദശലക്ഷം വോട്ടുകളാണ് നേടാനായത്. പോള്‍ ചെയ്ത വോട്ടിന്റെ 48 ശതമാനമാണിത്. അരിസോണയില്‍ നിന്നും 11 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്.
സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തന്നെയാണ് ആധിപത്യം. സെനറ്റില്‍ 52 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയപ്പോള്‍ 47 സീറ്റുകളില്‍ ഡെമോക്രാറ്റുകള്‍ ഒതുങ്ങി. ജനപ്രതിനിധി സഭയിലെ 216 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചപ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് 209 സീറ്റുകളെ ലഭിച്ചുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: