ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവു ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ രാകേഷ് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലുകളാണ് കശ്മീരിലുണ്ടായത്. പ്രദേശത്ത് മൂന്ന് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കിഷ്ത്വാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഏറ്റുമുട്ടലാരംഭിച്ചത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും തെരച്ചില്‍ നടത്തുന്നതിനിടെ അവര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നിരുന്നു. ഈ പ്രദേശത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചു, സൈന്യം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രാത്രി ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ശ്രീനഗറിലും ഏറ്റുമുട്ടലുണ്ടായി. സുരക്ഷാ സേനയുടെയും പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബര്‍വന്‍ വനമേഖലയില്‍ ഏറ്റുമുട്ടലാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: