അടുത്തിടെ കേരളത്തിലുടനീളം ഉണ്ടായിട്ടുള്ള ഒരു പുതിയ പ്രതിഭാസത്തിനെതിരെയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ വിധിയുണ്ടായത്. സ്കൂളില്‍ വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുന്ന അധ്യാപകര്‍ക്കെതിരെ പോലീസിലും കോടതിയിലും കേസ് നല്കുന്ന പുതിയ പ്രവണതയാണ് ഇപ്പോള്‍ വ്യാപിക്കുന്നത്.
ഒരു അധ്യാപികക്കെതിരെ തൃശ്ശൂര്‍ വാടാനപ്പള്ളി പോലീസ് എടുത്ത കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യത്തില്‍ ശക്തമായ പരാമര്‍ശം നടത്തിയത്. ക്രിമിനല്‍ കേസില്‍ ജയിലില്‍ ആകുമോ എന്ന ഭയത്തോടെ ക്ലാസ് എടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകര്‍ എന്ന് കോടതി പറഞ്ഞു. ക്ലാസിലെ ഡെസ്കില്‍ കാല് കയറ്റി വച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്ത വിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അദ്ധ്യാപികയുടെ പേരിലുള്ള കേസാണ് ജസ്റ്റിസ് ബദറുദ്ദീന്‍ റദ്ദാക്കിയത്.
കുട്ടിക്ക് പരുക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പു ഉള്‍പ്പെടുത്തി അദ്ധ്യാപകരുടെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഗുരുദക്ഷിണയായി ചോദിച്ച പെരുവിരല്‍ രണ്ടാമത് ഒന്ന് ആലോചിക്കാതെ മുറിച്ചു നല്കിയ ഏകലവ്യന് പകര്‍ന്ന പാഠം ഇപ്പോള്‍ തല കീഴായി മറിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ നല്ലതിനായി അദ്ധ്യാപകര്‍ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണ്. ഇത് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകും എന്നതില്‍ ആശങ്കയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
സമകാലീന സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ ഏറ്റവും മികച്ച സാമൂഹിക നിരീക്ഷണം ആണ് ജസ്റ്റിസ് എ. ബദറുദ്ദീന്റേത്. കേരളത്തിലെ പൊതുസമൂഹവും രക്ഷാകര്‍ത്താക്കളും ഉറക്കെ ചിന്തിക്കേണ്ട ഒരു വിഷയത്തിലാണ് കോടതിയുടെ വളരെ വിലപ്പെട്ട നിരീക്ഷണം ഉണ്ടായിട്ടുള്ളത്.
ഈ കാര്യത്തെ മൂന്ന് തലത്തില്‍ നിന്നു പരിഗണിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. പണ്ട് ഓരോ വീട്ടിലും ധാരാളം കുട്ടികള്‍ ഉണ്ടാവുകയും കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ താമസിക്കുകയും ചെയ്തിരുന്നപ്പോള്‍ സ്കൂളില്‍ അദ്ധ്യാപകര്‍ തല്ലുന്നതും വഴിയില്‍ കൂട്ടുകാര്‍ തമ്മില്‍ തല്ലു കൂടുന്നതും അന്യരുടെ പറമ്പിലെ മാങ്ങ പറിക്കുന്നതും ഒന്നും തന്നെ വലിയ പ്രശ്നമോ കുറ്റമോ ആയിരുന്നില്ല. അന്ന് സ്കൂള്‍ ഡയറിയും പേരന്റ്സ് മീറ്റിങ്ങും വലിയ ഫീസും മറ്റ് ആര്‍ഭാടങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. രക്ഷാകര്‍ത്താക്കളും അധ്യാപകരും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു. അണു കുടുംബങ്ങള്‍ അല്ലാത്തതുകൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ അതിഭാവുകത്വം കല്‍പ്പിക്കുകയും ഒക്കെ ചെയ്തിരുന്ന തലമുറ ആയിരുന്നില്ല അന്ന്. ഗിനി പന്നികളെ പോലെ കുഞ്ഞുങ്ങളെ വളര്‍ത്തുകയും അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഉപാധികള്‍ കൊണ്ടും അവരുടെ ജീവിതം അടിമുടി താറുമാറാക്കുകയും ചെയ്യുന്ന ഒരു രക്ഷാകര്‍തൃ സമൂഹം ഇന്ന് കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നു. കുഞ്ഞിനെ സഹപാഠി തല്ലിയാല്‍ പോലും പ്രതികള്‍ ആകുന്നത് അധ്യാപകരാണ്. തൊട്ടാവാടികളായ കുഞ്ഞുങ്ങളെയും ഏതാണ്ട് അതേ വിധത്തിലുള്ള രക്ഷാകര്‍ത്താക്കളും ഒരു ഭാഗത്ത് ഉണ്ടാകുമ്പോള്‍ അധ്യാപകരുടെ പഴയ തലമുറയും മാറിയിരിക്കുന്നു. സ്വന്തം മക്കളെക്കാളേറെ വിദ്യാര്‍ഥികളെ സ്നേഹിക്കുകയും അവരെ വളര്‍ത്തുകയും അവരുടെ വിദ്യാഭ്യാസത്തിലും ഭാവിയിലും കരുതലോടെ ശ്രദ്ധിക്കുകയും ചെയ്തിരുന്ന അദ്ധ്യാപകരായിരുന്നു പണ്ട് ഉണ്ടായിരുന്നത്.
മനസാ സ്മരാമി എന്ന ആത്മകഥയില്‍ പ്രൊഫ. എസ്. ഗുപ്തന് നായര്‍ തന്റെ പ്രിയ ശിഷ്യനായ തുറവൂര്‍ വിശ്വംഭരനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ ഒരു ദിവസം വഴിയിലെ പൈപ്പില്‍ നിന്ന് ഹോട്ടലിലേക്ക് കുടത്തില്‍ വെള്ളം കൊണ്ടുപോയിരുന്ന തുറവൂര്‍ വിശ്വംഭരനെ ഗുപ്തന് നായര്‍ പിടിച്ചുനിര്‍ത്തി. അച്ഛനോട് പിണങ്ങി വിദ്യാഭ്യാസത്തിനുള്ള പണം സ്വയം കണ്ടെത്താന്‍ ഹോട്ടല്‍ ജോലി എടുത്തതായിരുന്നു തുറവൂര്‍ വിശ്വംഭരന്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി പിന്നീട് ഹോട്ടല്‍ പണി ഒഴിവാക്കി പഠിക്കാനുള്ള സൗകര്യം ഒരുക്കിയത് പ്രൊഫ. ഗുപ്തന് നായര്‍ ആയിരുന്നു. പിന്നീട് തുറവൂര്‍ വിശ്വംഭരന് പ്രൊഫ. തുറവൂര്‍ വിശ്വംഭരനായി. പാശ്ചാത്യ സാഹിത്യത്തിലും ഗ്രീക്ക് സാഹിത്യത്തിലും ഒക്കെ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം മഹാഭാരതത്തിന് എഴുതിയ വ്യാഖ്യാനം മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികളില്‍ ഒന്നാണ്. കവിയുടെ കാല്‍പ്പാടുകള്‍ എന്ന കൃതിയില്‍ മഹാകവി പി. കുഞ്ഞിരാമന് നായര്‍ സ്വന്തം ഗുരുനാഥന്മാരെ കുറിച്ച് പറഞ്ഞത് മാത്രമല്ല പഠിപ്പിച്ച സ്കൂളുകളില്‍ ഒക്കെ ജുബ്ബയുടെ ഒരു പോക്കറ്റില്‍ നിലക്കടലയും മറ്റേ പോക്കറ്റില്‍ പരിപ്പുവടയും സൂക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്തു മാത്രമല്ല ഉച്ചയ്ക്ക് പട്ടിണിയായ കുഞ്ഞുങ്ങളെ താന്‍ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുത്തിരുന്നത് മഹാകവി ഓര്‍മ്മിക്കുന്നു.
സ്വന്തം മക്കളെപ്പോലെ അല്ലെങ്കില്‍ അതിനപ്പുറമോ വിദ്യാര്‍ത്ഥികളെയും ശിഷ്യന്മാരെയും കണ്ടിരുന്ന അദ്ധ്യാപക സമൂഹം ഇന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതും ആത്മപരിശോധന നടത്തേണ്ടതും അദ്ധ്യാപകരാണ്. പഴയ അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും മാതൃകാ അദ്ധ്യാപകരായിരുന്നു. ശിഷ്യന്മാര് അല്ലെങ്കില്‍ കുട്ടികള്‍ എന്ത് വിചാരിക്കും അല്ലെങ്കില്‍ അവര്‍ മോശമായി കരുതരുത് എന്ന് മാത്രം വിചാരിച്ച് എല്ലാവിധ മോശം പ്രവ്യത്തികളില്‍ നിന്നും അവര്‍ മാറി നിന്നിരുന്നു. ആവശ്യത്തില്‍ കവിഞ്ഞ രാഷ്ട്രീയ വത്കരണവും രാഷ്ട്രീയ പ്രവര്‍ത്തനവും എയിഡഡ് മേഖലയിലെ നിയമനത്തിനുള്ള കൈക്കൂലിയും ഒക്കെ ഈ സംവിധാനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തി. അദ്ധാപക നിയമനം പൂര്‍ണമായും പിഎസ് സിക്ക് വിട്ടാലേ ഈ രംഗത്തെ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ കഴിയു. ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആണെങ്കില്‍ എന്തുകൊണ്ട് നിയമനം സര്‍ക്കാരിന് നടത്തിക്കൂടാ. 1957 ല്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളില്‍ നിന്ന് പിന്നോട്ടു പോയ സിപിഎം ഒരിക്കല്‍ പോലും ആ നിലപാടിലേക്ക് തിരിച്ചു വന്നിട്ടില്ല. വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാന്‍ അഴിമതി ഇല്ലാതാക്കാന്‍ നല്ല അദ്ധ്യാപകരെ ലഭിക്കാന്‍ കൈക്കൂലിപ്പണത്തിന് ജോലിയില്‍ കയറുന്ന അനര്‍ഹരെ ഒഴിവാക്കാന്‍ ഇതുകൂടിയേ കഴിയൂ.
വിദ്യാഭ്യാസ രംഗത്ത് കോടതി പറഞ്ഞ മാതിരി മാതൃകാ വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ചെടുക്കാനുള്ള സ്വഭാവസംസ്കരണ പ്രക്രിയ അനിവാര്യമാണ്. മയക്കുമരുന്നും മദ്യവും യുപി സ്കൂള്‍ വരെ എത്തിയിരിക്കുന്നു എന്ന കാര്യം പി. വിജയനും എസ്. ശ്രീജിത്തും ഡോ. ടി.പി. സെന്‍കുമാറും അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഈ രംഗത്തെല്ലാം സമഗ്ര നടപടികള്‍ ഉണ്ടായേ കഴിയൂ. ഹരിശ്രീ എഴുതാന്‍ അറിയാത്ത വിദ്യാഭ്യാസ മന്ത്രിക്ക് സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം മനസ്സിലാവില്ല. നിയമസഭയില്‍ സ്പീക്കറുടെ പോഡിയത്തിലും എംഎല്‍എമാരുടെ ഇരിപ്പിടങ്ങളിലും നൃത്തം നടത്തിയവര്‍ക്ക് അച്ചടക്കം പഠിപ്പിക്കാന്‍ ആവില്ല. വിദ്യാഭ്യാസ രംഗത്തെ മാതൃകകളായ ആളുകളെ മുന്നില്‍ നിര്‍ത്തി സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തിനാണ് മുന്‍കൈയെടുക്കേണ്ടത്. അട്ടപ്പാടിയിലെ സാരംഗും ഭാരതീയ വിദ്യാനികേതന്‍, ഭാരതീയ വിദ്യാഭവന്, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ശ്രീ രാമകൃഷ്ണ ആശ്രമം വക സ്കൂളുകള്‍, ചിന്മയ സ്കൂളുകള്‍ എന്നിവിടങ്ങളിലൊക്കെ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും ഒരു വിദ്യാഭ്യാസ ക്രമം വാര്‍ത്തെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ജപ്പാനില്‍ നിന്നുള്ള പ്രശസ്ത പുസ്തകമായ ടോട്ടോച്ചാന് മുതല്‍ മലയാളികള്‍ക്ക് പ്രിയങ്കരമായ കുഞ്ഞായന്റെ വികൃതികള്‍ വരെ വിദ്യാഭ്യാസ ജീവിതത്തെ വേറിട്ട് കാണുന്ന അനുഭവസാക്ഷ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്
കേരളത്തിലെ അദ്ധ്യാപക സംഘടനകളില്‍ നിന്ന് തന്നെ മാറ്റം ആരംഭിക്കണം അമിതമായ രാഷ്ട്രീയവല്‍ക്കരണം ഒഴിവാക്കുകയും പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളെ സ്വന്തം മക്കളെപ്പോലെ കാണുകയും അവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം ധന്യമായി ചെലവഴിക്കാനും കഴിയുന്ന അദ്ധ്യാപകര്‍ ഉണ്ടാവണം. ഗുരു ആവശ്യപ്പെട്ടപ്പോള്‍ മറുത്തൊരു വാക്ക് പറയാതെ പെരുവിരല്‍ മുറിച്ചുകൊടുത്ത ഏകലവ്യന് ആയില്ലെങ്കിലും സ്വന്തം അദ്ധ്യാപകനെ കൊല്ലാന്‍ ശ്രമിച്ചിട്ട് അദ്ദേഹത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞ് നീറി മരിച്ച സുകുമാര കവിയെ ഓര്‍മ്മിക്കണം .
സ്വന്തം മാതാപിതാക്കളെ കാണുന്ന പോലെ അധ്യാപകരെ സ്നേഹിക്കാനും അവരോടൊപ്പം നടന്നു നീങ്ങി അവരില്‍ നിന്ന് വിദ്യാഭ്യാസത്തിനും കഴിയണം. ഭാരതീയ മൂല്യങ്ങളുടെ, പാരമ്പര്യത്തിന്റെ പ്രതീകമായ പഴയ ഗുരുകുല വിദ്യാഭ്യാസം പോലെ അതിശക്തമായ ഗുരു- ശിഷ്യബന്ധം എല്ലായിടത്തും വീണ്ടും ഉണ്ടാകണം. അധ്യാപകന് പോക്സോ കേസില്‍ ഉള്‍പ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. എല്ലാ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം പരിഗണിച്ച് ഒറ്റക്കെട്ടായി ഒന്നിച്ച് മുന്നേറുന്ന സാഹചര്യം ഉണ്ടാകണം. ഇവിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല. ഇത് മനോഹരമായി നടപ്പിലാക്കാനുള്ള ബാധ്യത രാഷ്ട്രീയത്തിന് അതീതമായി എടുക്കാന്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് അഭിമാനിക്കാനാകും. ഇല്ലെങ്കില്‍ പഴയ പേരില്‍ തന്നെ അറിയപ്പെടും എന്ന കാര്യം ഓര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: