കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടിന്റെ എം. അമൃത് ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി. ഇന്നലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഒന്നാമതെത്തിയതോടെയാണ് പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ അമൃത് ട്രിപ്പിള്‍ സ്വര്‍ണം തികച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന 400 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളില്‍ അമൃത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണജേതാവാണ്.
ഇന്നലെ നാല് മിനിറ്റ് 14.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അമൃതിന്റെ പൊന്‍നേട്ടം. സായി കൊല്ലത്തിന്റെ മെല്‍ബിന്‍ ബെന്നി നാല് മിനിറ്റ് 14.94 സെ്ക്കന്‍ഡില്‍ വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ എസ്. ജഗന്നാഥന്‍ നാല് മിനിറ്റ് 16.65 സെക്കന്‍ഡില്‍ വെങ്കലവും നേടി.
കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ 1500 മീറ്റര്‍, 800 മീറ്റര്‍ എന്നിവയിലും അമൃത് സ്വര്‍ണം നേടിയിരുന്നു. പാലക്കാട് നെന്മാറ ചേരാമംഗലം പഴതറ വീട്ടില്‍ ലോറി ഡ്രൈവറായ മോഹനന്റെയും പുഷ്പലതയുടെയും മകനാണ് അമൃത്.
സായി കോച്ച് നവാസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.














