ഗ്വാളിയോര്‍: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്.
അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിശാല്‍ ജോര്‍ജിന്റെയും അര്‍ജുന്റെയും ഇന്നിങ്സുകളാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
18 റണ്‍സെടുത്ത ദേവര്‍ഷിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വിശാല്‍ ജോര്‍ജും അര്‍ജുനും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേര്‍ന്ന് 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 109-ല്‍ നില്‍ക്കെ 57 റണ്‍സെടുത്ത വിശാല്‍ ജോര്‍ജ് പുറത്തായി. തുടര്‍ന്നെത്തിയ അഭിനവ് അക്കൗണ്ട് തുറക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന അര്ജുന്, ആരോണ്‍ അലക്സുമായി ചേര്‍ന്ന് 77 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. അര്ജുന് 72-ഉം ആരോണ്‍ അലക്സ് 49-ഉം റണ്‍സ് നേടി പുറത്തായി.
കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സോടെ കാര്‍ത്തിയും മൂന്ന് റണ്‍സോടെ ശ്രീഹരി പ്രസാദുമാണ് ക്രീസില്‍. ആന്ധ്രയ്ക്ക് വേണ്ടി വിജയ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

















