നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും, തലയ്‌ക്ക് 15 ലക്ഷം രൂപ വിലയിട്ടിരുന്ന വ്യക്തിയുമായ ലത്തീഫ് ഭട്ടിനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതോടെ, പാക് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ കശ്മീര്‍ താഴ്വരയിലെ അവസാന കമാന്‍ഡറും ഇല്ലാതായി. ഇക്കഴിഞ്ഞ ദിവസം കുല്‍ഗാമിലെ ചെക്ക് പോസ്റ്റിനുനേരെ ലത്തീഫും കൂട്ടാളിയും നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ലത്തീഫിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ ഒരു മസ്ജിദില്‍ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ച സൈനികര്‍ അവിടം വളഞ്ഞ് ഇയാളെ വകവരുത്തുകയായിരുന്നു. കീഴടങ്ങാനുള്ള സൈനികരുടെ ആവശ്യം നിരസിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. ലത്തീഫിന്റെ കൂട്ടാളിയായ ഭീകരനെ സൈന്യം നേരത്തെ വധിച്ചിരുന്നു.
ലഷ്‌കര്‍ ഭീകരനോട് സൈന്യം വിഡിയോ കോളിലൂടെയാണ് കീഴടങ്ങണമെന്നും, എങ്കില്‍ തങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞത്. എന്നാല്‍ മൂന്ന് വയസ്സു മുതല്‍ മദ്രസ്സയില്‍ പഠിച്ച ലത്തീഫ് ഭട്ട് ആ അഭ്യര്‍ത്ഥന നിരസിച്ച് ഒരു മതപ്രഭാഷണം നടത്തുകയായിരുന്നുവത്രേ. ഭീകരവാദത്തിന് മതമില്ലെന്ന് പറയുന്നവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ഭീകരവാദത്തെ എതിര്‍ക്കുന്നവര്‍ക്ക് അവകാശമുണ്ട്. കുല്‍ഗാമിലെ ഭീകരാക്രമണത്തോടും, സൈനിക നടപടിയോടും ഇക്കൂട്ടര്‍ പാലിക്കുന്ന നിശ്ശബ്ദത ആശങ്കാജനകമാണ്. നിരപരാധികളായ ഹിന്ദുക്കളെ മതം നോക്കി കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തോടും ഇതേ നിശ്ശബ്ദതയാണ് ഇസ്ലാമിക ഭീകരവാദത്തെ മതമുക്തമാക്കാന്‍ ശ്രമിക്കുന്നവര്‍ സ്വീകരിച്ചതെന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല.
കുല്‍ഗാം ആക്രമണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ത്തന്നെ ചിത്രം വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ എന്‍ഐഎ സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്തു. ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു. ഓരോ ഒളിത്താവളത്തേയും ആയുധ ഇടപാടിനേയും പിന്തുടര്‍ന്നു. ആക്രമണത്തിനു പിന്നില്‍ പാക് അധീന കശ്മീരില്‍ കഴിയുന്ന ലഷ്‌കറെ കമാന്‍ഡറും, യുഎപിഎ പ്രകാരം ഭാരതം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരനായ സജ്ജാദ് ഗുല്‍ ഇതിന് പിന്നിലുണ്ടെന്ന വിവരം ലഭിച്ചു. ലത്തീഫ് ഭട്ട് ഒറ്റയ്‌ക്കായിരുന്നില്ല. പ്രദേശത്തെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും, ഭീകരര്‍ക്ക് ഒളിത്താവളങ്ങളൊരുക്കാനും ആയുധങ്ങള്‍ എത്തിച്ചുനല്‍കാനും ഒരു ശൃംഖലതന്നെയുണ്ടായിരുന്നു. സുരക്ഷാ സേന ഇത് മുഴുവന്‍ കണ്ടെത്തി തകര്‍ത്തിരുന്നു.
കൊടും ഭീകരനായ ലത്തീഫ് ഭട്ടിനെ പാവം ബേക്കറി ജീവനക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കുല്‍ഗാം സ്വദേശിയായ ഈ ഇരുപത്തിരണ്ടുകാരന്‍ കശ്മീര്‍ താഴ്വരയില്‍ സജീവമായിരുന്ന അവസാനത്തെ പ്രാദേശിക ഭീകര കമാന്‍ഡറായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ അനന്ത്നാഗില്‍ ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിലും, കുല്‍ഗാമില്‍ രണ്ട് അതിഥിത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലും ഇയാള്‍ മുഖ്യപ്രതിയായിരുന്നു. ഭീകരവാദം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭീകരര്‍ വെടിയേറ്റ് വീഴുമ്പോള്‍ കണ്ണീര്‍വാര്‍ക്കുന്നവരല്ല ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നത്. പുല്‍വാമയില്‍ സൈന്യത്തെ ആക്രമിച്ചപ്പോഴും, പഹല്‍ഗാമില്‍ നിരപരാധികളെ വെടിവെച്ചു കൊന്നപ്പോഴും പാക്കധീന കശ്മീരിലും പാകിസ്ഥാനിലും കയറി ഭീകരതാവളങ്ങള്‍ തകര്‍ക്കാന്‍ ഭാരതം രണ്ടാമതൊന്ന് ആലോചിച്ചില്ല. ഒരു കൊടും ഭീകരനെക്കൂടി ഇല്ലാതാക്കിയതോടെ പാകിസ്ഥാന് വ്യക്തമായ സന്ദേശമാണ് ഭാരതം നല്‍കിയിരിക്കുന്നത്.
കശ്മീരിനു മാത്രം ബാധകമായ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഭീകരരെ സഹായിക്കുന്ന വിഘടനവാദികളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നു. അതിനുശേഷം കശ്മീരിലെ യുവതീയുവാക്കള്‍ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാകുന്നതാണ് രാജ്യം കണ്ടത്. പാകിസ്ഥാനെയും ആ രാജ്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങളെയും ഇത് വല്ലാതെ ചൊടിപ്പിച്ചു. എങ്ങനെയും ചില അക്രമങ്ങള്‍ നടത്തി തങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ഇതും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഭാരതം നല്‍കിയിരിക്കുന്നത്.


















