ന്യൂദല്ഹി : ഭക്ഷ്യ ഉല്പ്പന്നങ്ങളുടെ പാക്കറ്റുകളില് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള് ഉള്പ്പെടുത്തിയതിന് നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന് യൂണിലിവര് കമ്പനികള്ക്ക് നോട്ടീസ്
നല്കി ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേര്ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ.
ഹിന്ദുസ്ഥാന് യൂണിലിവറിന്റെ ‘ഹോര്ലിക്സ് വിമന്സ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷന് ഡ്രിങ്ക്’ , ‘ഹോര്ലിക്സ് മദേഴ്സ് പ്ലസ് കേസാര്’ എന്നീ ഉല്പ്പന്നങ്ങളില് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള് ഉള്ളതായി എഫ് എസ് എസ് എ ഐ ചൂണ്ടിക്കാട്ടി.എല്ലുകളുടെ ബലം, കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ജനന ഭാരം, ‘പഞ്ചസാര ചേര്ത്തിട്ടില്ല’ എന്ന പ്രയോഗം എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് ഇതില് ഉള്പ്പെടുന്നത്. ചില അവകാശവാദങ്ങള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിലവിലുള്ള ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്ക്ക് വിരുദ്ധമാണെന്നും എഫ് എസ് എസ് എ ഐ കണ്ടെത്തി. നിശ്ചിത സമയപരിധിക്കുള്ളില് മറുപടി നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു സംഭവത്തില്, ‘നെസ്കഫേ’ റെഡി-ടു-ഡ്രിങ്ക് കോഫി പാനീയങ്ങളുടെ ലേബലിംഗിലും ഓണ്ലൈന് വിവരണങ്ങളിലും അപാകതകള് കണ്ടെത്തിയതിനെത്തുടര്ന്ന്, നെസ്ലെ ഇന്ത്യയ്ക്കും രണ്ട് ഡയറി ഉല്പ്പന്ന നിര്മ്മാതാക്കള്ക്കും എഫ് എസ് എസ് എ ഐ നോട്ടീസ് നല്കി. ഉല്പ്പന്ന വിവരണങ്ങളും പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യ വിഭാഗങ്ങളും തമ്മില് പൊരുത്തക്കേടുകള് ഉള്ളതായി അധികൃതര് ചൂണ്ടിക്കാട്ടി.കൂടാതെ, വിട്ടുമാറാത്ത വൃക്കരോഗമുള്ളവരുടെ ഭക്ഷണക്രമീകരണത്തിനായി ഉപയോഗിക്കുന്ന ‘റിസോഴ്സ് റീനല് വാനില ഫ്ലേവര് പൗഡര്’ എന്ന ഉല്പ്പന്നവുമായി ബന്ധപ്പെട്ടും നെസ്ലെ ഇന്ത്യയ്ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്.
ആവശ്യമായ അനുമതിയില്ലാതെയാണ് ഈ ഉല്പ്പന്നം വിപണനം ചെയ്തതെന്ന് എഫ് എസ് എസ് എ ഐ വ്യക്തമാക്കുന്നു. നോട്ടീസുകള്ക്ക് മറുപടി നല്കാന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികള് നല്കുന്ന വിശദീകരണങ്ങളും നിലവിലുള്ള ചട്ടങ്ങളും പരിശോധിച്ച് തുടര്നടപടികള് സ്വീകരിക്കും.
















