മലപ്പുറം: പുതിയതായി ആരംഭിച്ച ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ച നൂറോളം പേര്ക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തി. രോഗബാധയെത്തുടര്ന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നിലവില് 18പേരാണ് ചികിത്സയിലുളളത്. ഇതില് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്ന ഒരാൾ ഗുരുതരാവസ്ഥയിലാണ്. സാഹചര്യം ഗുരുതരമായതോടെ ആരോഗ്യവകുപ്പ് ഈ മേഖലയില് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കി.
കഴിഞ്ഞ മാസം 3 മുതല് 18വരെ ഈ ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്. ഹോട്ടല് ജീവനക്കാര്ക്ക് തന്നെയാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. വണ്ടൂരിലെ റസ്റ്ററന്റുകള്, കൂള്ബാര്, കന്റീന് എന്നിവിടങ്ങളില് ആരോഗ്യവിഭാഗം പരിശോധന ഊര്ജിതമാക്കി. നഗരസഭയുടെ സമീപ പ്രദേശങ്ങളിലെല്ലാം മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ചില റെസ്റ്റോറന്റുകൾക്ക് നോട്ടീസ് നൽകി.
















