നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്ഗ്രസ് നടത്തുന്ന സമരം നിയമവാഴ്ചയുടെ സകലസീമകളും ലംഘിക്കുന്നു. ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടും കോണ്ഗ്രസ് നേതാവ് രാഹുലിന്റെ നേതൃത്വത്തില് സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്ച്ച് രാജ്യത്തിന്റെ ചരിത്രത്തില് കേട്ടുകേള്വിയില്ലാത്തതാണ്. ക്രമസമാധാന പ്രശ്നം കോടതിയുടെ പരിധിയില് വരുന്ന കാര്യമല്ലെന്നും, കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളില് രാഷ്ട്രീയ നേതാക്കളുമായി ചര്ച്ച നടത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കോണ്ഗ്രസ് നേതാക്കളെ കാണാന് വിസമ്മതിച്ചത്. എന്നാല് ഇത് അംഗീകരിക്കാന് കൂട്ടാക്കാതെ വലിയൊരു ആള്ക്കൂട്ടവുമായി സുപ്രീം
കോടതിയിലേക്ക് മാര്ച്ച് നടത്തുകയാണ് കോണ്ഗ്രസ് ചെയ്തത്.
എസ്ഐആറിന്റെ ഭാഗമായ ഫോം 6 സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന കോണ്ഗ്രസിന്റെ പ്രചാരണവും ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. ബീഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട വിധിയില് ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്നും, കോടതി പരിശോധിക്കാത്ത കാര്യത്തെക്കുറിച്ച് കോടതിയുടെ തീരുമാനം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കോടതിയുടെ അനുമതിയില്ലാതെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാര് ഫോം 6 ഉപയോഗിക്കുന്നതെന്ന് കോണ്ഗ്രസ് കള്ളം പറയുകയായിരുന്നു. ദുഷ്പ്രചാരണത്തിന് പരമോന്നത നീതിപീഠത്തെപ്പോലും കോണ്ഗ്രസ് മറയാക്കുന്നു എന്നതാണ് ഇവിടെ വ്യക്തമായത്.
ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്ക്കാനുള്ള ആസൂത്രിത ശ്രമമാണ് കോണ്ഗ്രസ് നടത്തുന്നത്. ജനങ്ങള് വോട്ടുനല്കി അധികാരത്തിലേറ്റാത്തതിന്റെ ദേഷ്യം ഭരണഘടനാ സ്ഥാപനങ്ങള്ക്ക് നേരെ തീര്ക്കുകയാണ് കോണ്ഗ്രസ്. ചര്ച്ച നടത്താന് അനുവദിക്കാതെ പാര്ലമെന്റ് നടപടികള് തടസ്സപ്പെടുത്തുന്നത് ഇതിന്റെ ഭാഗമായിരുന്നു. ഇതിനുശേഷമാണ് ഇവര് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തിരിഞ്ഞത്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തെറ്റായ കാര്യങ്ങള് പ്രചരിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നതായി രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടു എന്ന മട്ടിലാണ് പ്രചാരണം നടന്നത്. ഇക്കാര്യത്തില് അങ്ങേയറ്റം മോശമായ പെരുമാറ്റമാണ് കോണ്ഗ്രസ് നേതാവ് രാഹുലില്നിന്ന് ഉണ്ടായത്.
കോടതിയിലും നിയമവാഴ്ചയിലും തങ്ങള്ക്ക് വിശ്വാസമില്ലെന്ന കോണ്ഗ്രസിന്റെ പരസ്യപ്രഖ്യാപനമായിരുന്നു സുപ്രീംകോടതിയിലേക്കുള്ള മാര്ച്ച്. തെരഞ്ഞെടുപ്പുകളില് തോറ്റപ്പോള്, നിയമ വിധേയമായി പ്രവര്ത്തിക്കുന്ന സര്ക്കാരിനെ തെരുവുയുദ്ധം നടത്തി താഴെയിറക്കാമെന്നാണ് കോണ്ഗ്രസ് കരുതുന്നത്. 2014 ല് നരേന്ദ്ര മോദി സര്ക്കാര് അധികാരത്തില് വന്നതിനു ശേഷമുള്ള കോണ്ഗ്രസിന്റെ മനോഭാവമാണിത്. ഈ മനോഭാവത്തിന് ജനങ്ങളുടെ പിന്തുണയില്ലെന്ന് ഓരോ തെരഞ്ഞെടുപ്പിലും വ്യക്തമായതാണ്. മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒട്ടേറെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് തുടര്ച്ചയായും ദയനീയമായും തോറ്റു. എന്നിട്ടും ജനവിധി അംഗീകരിക്കാതെ പാര്ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനും വോട്ടര് പട്ടികയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെയുള്ള പ്രചാരണം ഇതിന്റെ ഭാഗമാണ്.
ബംഗ്ലാദേശിലും നേപ്പാളിലും അക്രമാസക്ത കലാപങ്ങളെ തുടര്ന്ന് ഭരണകൂടങ്ങള് അട്ടിമറിക്കപ്പെട്ടിരുന്നു. ഇതിനെ സ്വാഗതം ചെയ്ത കോണ്ഗ്രസ്സും രാഹുലും ഇങ്ങനെയൊന്ന് ഭാരതത്തില് നടന്നു കാണാന് ആഗ്രഹിക്കുന്നു. കോടതിയെയും നിയമവാഴ്ചയെയും അംഗീകരിക്കാത്ത അരാജകവാദികളെ ഉപയോഗിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താമെന്ന് കോണ്ഗ്രസ് കരുതുന്നുണ്ടെങ്കില് അവര് വിഡ്ഢികളുടെ സ്വര്ഗ്ഗത്തിലാണ്. രാജ്യസ്നേഹം തൊട്ടുതെറിക്കാത്ത ഇടതുപാര്ട്ടികളെയും ഇസ്ലാമിക തീവ്രവാദികളെയും കൂട്ടുപിടിച്ച് മോദി സര്ക്കാരിനെ താഴെയിറക്കാമെന്നത് കോണ്ഗ്രസിന്റെ വ്യാമോഹം മാത്രമാണ്. അക്രമങ്ങളെ അടിച്ചമര്ത്തി നിയമവാഴ്ച പുനഃസ്ഥാപിക്കാന് സര്ക്കാര് ബാധ്യസ്ഥമാണ്. ജന്തര് മന്തറെന്ന ഇട്ടാവട്ടമാണ് ഭാരതമെന്ന് തെറ്റിദ്ധരിക്കുന്നവര് രാജ്യത്തെ നിയമസംവിധാനങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞിട്ടില്ല. എത്രയും വേഗം അത് മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.
















