പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലായി ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാവുന്ന മികച്ച അവസരമാണിത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 30-ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
സോപാനം വാച്ച്മാൻ: ഈ തസ്തികയിലേക്ക് 15 ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളമായി 18000 രൂപയാണ് നൽകുക. 30 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് പാസായവർക്ക് മാത്രമെ അപേക്ഷിക്കാനാകു. ശാരീരിക വൈകല്യങ്ങൾ ഇല്ലാത്ത ആരോഗ്യവാനായ പുരുഷനായിരിക്കണം. നല്ല കാഴ്ചശക്തി നിർബന്ധമാണ്. നിലവിൽ ഗുരുവായൂർ ദേവസ്വത്തിൽ ജോലി ചെയ്യുന്ന സോപാനം കാവൽക്കാർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
ലേഡി സെക്യൂരിറ്റി ഗാർഡ്: ഈ തസ്തികയിലേക്ക് 15 ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളമായി 18000 രൂപയാണ് നൽകുക. 55 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് പാസായവർക്ക് മാത്രമെ അപേക്ഷിക്കാനാകു. ശാരീരിക വൈകല്യങ്ങൾ ഉണ്ടാകുവാൻ പാടില്ല. നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം. നിലവിലുള്ള ലേഡി സെക്യൂരിറ്റി ഗാർഡുകൾ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷാ ഫോം ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്. 118 രൂപയാണ് അപേക്ഷാ ഫോം വാങ്ങുന്നതിനുള്ള ഫീസ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ അപേക്ഷാ ഫോം സൗജന്യമായി നൽകുന്നതാണ്. അപേക്ഷാ ഫോമുകൾ തപാൽ മാർഗ്ഗം അയച്ചു നൽകുന്നതല്ല. ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റേണ്ടതാണ്.
അപേക്ഷകർ ശാരീരികക്ഷമത ഉള്ളവരാണെന്ന് തെളിയിക്കുന്നതിന് ഗവൺമെന്റ് അസിസ്റ്റന്റ് സർജനിൽ കുറയാത്ത പദവിയിലുള്ള ഡോക്ടർ നൽകിയ ഒറിജിനൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യണം. ഒക്ടോബർ ഏഴിന് ശേഷം എടുത്തതായിരിക്കണം മെഡിക്കൽ സർട്ടിഫിക്കറ്റ്. പൂരിപ്പിച്ച അപേക്ഷാ ഫോം, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ നൽകാം. അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101 എന്നീ വിലാസത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ. കൂടുതൽ വിവരങ്ങൾക്ക് guruvayurdevaswom.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.












