ലഖ്‌നൗ: ഉത്തർപ്രദേശ് മുമ്പ് സ്ത്രീകൾക്ക് ജീവിക്കാൻ സുരക്ഷയില്ലാതിരുന്ന സംസ്ഥാനമായിരുന്നുവെന്നും ഇപ്പോൾ ഏറ്റവും മികച്ച ജീവിത സാഹചര്യവും സുരക്ഷയുമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശരന്നവരാത്രിയുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച മാ ചന്ദ്രഘണ്ടയ്‌ക്ക് പ്രാർത്ഥനകൾ അർപ്പിച്ച ശേഷം സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും മാന്യമായ ജീവിതവും ഉറപ്പാക്കുന്നതിനാണ് ‘ഡബിൾ എഞ്ചിൻ’ സർക്കാരിന്റെ ഓരോ പദ്ധതിയും സമർപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ‘എക്‌സ്’പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
സ്ത്രീശക്തിയുടെ പ്രഭ, അന്തസ്സ്, അദമ്യമായ ധൈര്യം എന്നിവയുടെ പ്രതീകമായ മാ ചന്ദ്രഘണ്ടയുടെ ദിവ്യരൂപം, സ്ത്രീകളുടെ സുരക്ഷയും ബഹുമാനവും ആത്മാഭിമാനവുമാണ് ശാക്തീകരിക്കപ്പെട്ടതും സമൃദ്ധവുമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനമെന്ന സന്ദേശം നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗ്ഗനിർദ്ദേശത്തിൽ സംസ്ഥാനത്തെ ‘ഡബിൾ എഞ്ചിൻ’ സർക്കാർ മികച്ച ഭരണനിർവ്വഹണത്തിലൂടെ സ്ത്രീ ശാക്തീകരണത്തിൽ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ്.
2017 ന് മുമ്പ് സംസ്ഥാനത്തുടനീളം വ്യാപകമായിരുന്ന നിയമരാഹിത്യം സ്ത്രീകളുടെ സുരക്ഷയ്‌ക്കും അന്തസ്സിനും ഭീഷണിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാലത്ത്, അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കുന്നതിന് പകരം, അധികാരത്തിലിരുന്നവരുടെ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിനായിരുന്നു മുൻഗണന നൽകിയിരുന്നത്.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയിലൂടെ പെൺകുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതും വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധം വളർത്തുന്നതും മുതൽ, ‘മുഖ്യമന്ത്രി കന്യാ സുമംഗല യോജന’ വഴി അവരുടെ ശോഭനമായ ഭാവിയെ പിന്തുണയ്‌ക്കുന്നതും ‘മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന’ വഴി വിവാഹത്തിൽ അന്തസ്സ് ഉറപ്പാക്കുന്നതും വരെയുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ മാതൃത്വത്തിന് പിന്തുണ നൽകുക, ‘ഉജ്ജ്വല യോജന’യിലൂടെ പുകയിൽ നിന്നുള്ള ആശ്വാസം ഉറപ്പാക്കുക, ‘ഇസ്സത്ത് ഘർ’ പദ്ധതിക്ക് കീഴിൽ വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിച്ച് സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുക, ‘ഘരൗണി’ പദ്ധതിയിലൂടെ സ്വത്തവകാശം നൽകുക എന്നിവയും ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
60 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആജീവനാന്ത സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്നതിനൊപ്പം, വാർദ്ധക്യകാല പെൻഷനിലൂടെ സാമൂഹിക സുരക്ഷയും സർക്കാർ നൽകിയിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും മാന്യമായ ജീവിതവും ഉറപ്പാക്കുന്നതിനാണ് ‘ഡബിൾഎഞ്ചിൻ’ സർക്കാരിന്റെ ഓരോ പദ്ധതിയും സമർപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
















