ന്യൂദല്‍ഹി: ആറ് വനിതാ ഗുസ്തിക്കാര്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ റെസ്ലിംഗ് ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ദല്‍ഹി പൊലീസിന് സെഷന്‍സ് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
ആഗസ്റ്റ് 3 നാണ് വിചാരണ കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയത്. കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതമാണെന്നുമായിരുന്നു വിചാരണ കോടതിയുടെ നിരീക്ഷണം. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നും അതിജീവിതകള്‍ വര്‍ഷങ്ങളോളം മൗനം പാലിച്ചുവെന്നും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആരോപണവിധേയമായ സംഭവങ്ങള്‍ക്ക് ശേഷവും അവര്‍ ബ്രിജ് ഭൂഷനുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കുടുംബ ചടങ്ങുകള്‍ക്കും മറ്റും അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിധിക്കെതിരെ ഗുസ്തിക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനം കോടതിയെ അറിയിക്കാന്‍ 15 ദിവസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രത്യേക കോടതി ആ അപേക്ഷ അനുവദിക്കുകയായിരുന്നു. അപ്പീലില്‍ മറുപടി നല്‍കാന്‍ ബ്രിജ് ഭൂഷന് 28 വരെയും സമയം അനുവദിച്ചിട്ടുണ്ട്.
















