ന്യൂദല്‍ഹി: മനഃപൂര്‍വമായ പ്രേരണയോ ആത്മഹത്യയിലേക്ക് നയിക്കുമെന്ന അറിവോ ഇല്ലാതെ, ലിവ്-ഇന്‍ പങ്കാളിയെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും തുടര്‍ന്ന് പങ്കാളി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത് ആത്മഹത്യാ പ്രേരണാ കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി.
‘ആളുകള്‍ സാഹചര്യങ്ങളോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. . വിവാഹം കഴിക്കാന്‍ വിസമ്മതിച്ചത് യുവതിയെ ആത്മഹത്യയിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല, അല്ലെങ്കില്‍ അങ്ങനെ വിസമ്മതിച്ചാല്‍ അവള്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതിക്ക് അറിവുണ്ടെന്ന് ആരോപിക്കാനും കഴിയില്ല,’ കോടതി വിലയിരുത്തി.
ബാല്യകാല സുഹൃത്തുക്കളായിരുന്ന മരിച്ച യുവതിയും ഒന്നാം പ്രതിയും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്നും മൂന്ന് മാസത്തോളം ഒരുമിച്ച് താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നടത്തിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മാതാപിതാക്കളും സഹോദരിയും മറ്റുള്ളവരും ഈ ബന്ധം അവസാനിപ്പിക്കാന്‍ പ്രതിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.
പ്രതിയുടെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തുടര്‍ന്ന് യുവതി ഒരു മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.
മരണത്തിലേക്ക് നയിച്ചതിന് പ്രതികളില്‍ നിന്ന് ഒരു പ്രേരണയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തി യുവതിയുടെ പങ്കാളി, അയാളുടെ മാതാപിതാക്കള്‍, സഹോദരി തുടങ്ങിയവര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ കോടതി റദ്ദാക്കി.
















