കൊച്ചി: നിയമത്തിന്റെ പിന്‍ബലമില്ലാതെ, ഒരു വ്യക്തിയുടെ വസ്ത്രധാരണം മറ്റൊരാള്‍ക്കോ സാമൂഹിക ആചാരങ്ങള്‍ക്കോ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു പൗരന്റെ വസ്ത്രധാരണം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഒരു സാമൂഹിക ആചാരങ്ങള്‍ക്കും അതില്‍ നിയന്ത്രണങ്ങളില്ലെന്നും കോടതി പ്രഖ്യാപിച്ചു. വസ്ത്രങ്ങള്‍ സംസ്‌കാരത്തിന്റെയും സുഖസൗകര്യങ്ങളുടെയും വ്യക്തിഗത തിരഞ്ഞെടുപ്പിന്റെയും പ്രകടനമാണ്. അത് ഒരു വ്യക്തിയുടെ മൂല്യമോ അന്തസ്സോ അളക്കാന്‍ ഉപയോഗിക്കാനാവില്ല. കൊട്ടാരക്കര ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയെ ചുരിദാര്‍ ധരിച്ചതിന് ഗേറ്റില്‍ തടഞ്ഞുവച്ച സംഭവത്തില്‍, അവരെ സ്വതന്ത്രമായി പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
















