തിരുവനന്തപുരം ; തിരുവോണം ബംപർ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടിഎൽ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപർ അടിച്ചത്.ബാങ്ക് വഴി കൃത്യമായി രേഖകള്‍ ഹാജരാക്കിയാണ് ഭാഗ്യശാലി സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്.
നികുതിയും കമ്മീഷനും ഒക്കെ കിഴിച്ച ശേഷം ഏകദേശം 16.47 കോടി രൂപയാണ് ഒന്നാം സമ്മാനമായ യഥാർത്ഥ വിജയിക്ക് ലഭിക്കുക. ദൂരദേശങ്ങളിൽ നിന്നും മറ്റും പണം ആവശ്യപ്പെട്ട് ആളുകൾ എത്താതിരിക്കാൻ വേണ്ടിയാണ് വിജയി അജ്ഞാതനായി തുടരാൻ തീരുമാനിച്ചതെന്നാണ് കരുതപ്പെടുന്നത്.
തമ്പുരാന്‍ ഏജന്‍സിയില്‍ നിന്ന് ലോട്ടറി വാങ്ങി വിറ്റ സബ് ഏജന്റും മുയ്യം സ്വദേശിയുമായ എം.വി. സുജിത്ത് കൊണ്ടുപോയ 30 ടിക്കറ്റുകളില്‍ ഒന്നായിരുന്നു ഈ സ്വപ്ന ടിക്കറ്റ്. ആരാണ് ആ ഭാഗ്യശാലിയെന്നറിയാന്‍ തളിപ്പറമ്പുകാരും ലോട്ടറി പ്രേമികളും ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ആരോടും ഒന്നും മിണ്ടാതെ ഇയാള്‍ ബാങ്ക് അധികൃതര്‍ മുഖേന ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിക്കുകയായിരുന്നു.















