തിരുവനന്തപുരം:മെസിയുടെ പേരിലെ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കൈമാറി.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ശുപാര്‍ശ.
അര്‍ജന്റീന ഫുട്ബാള്‍ ടീമിനെയും നായകന്‍ ലയണല്‍ മെസിയെയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി ശുപാര്‍ശ ചെയ്തു.
എസ് ഐ ടി റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കാരിനോട് ഡി ജി പിയുടെ ശുപാര്‍ശ.മുന്‍ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപട്ടികയില്‍ വരുമെന്നാണ് കരുതുന്നത്. ആന്റോ അഗസ്റ്റിനും, റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവില്‍ പ്രതിപട്ടികയിലുള്ളത്.
വഞ്ചന മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. ടെണ്ടറില്ലാതെ സ്‌പോണ്‍സറെ നിയോഗിച്ചത് മുതല്‍ നടക്കാന്‍ സാധ്യതയില്ലാതെ മത്സരത്തിനായി വിദേശ യാത്ര ചെയ്തുവെന്നടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ കായികമന്ത്രി വി അബ്ദു റഹ്മാനും അദ്ദേഹത്തിന്റെ ഓഫീസും ചട്ടങ്ങള്‍ മറികടന്ന് സ്‌പോണ്‍സര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















