ന്യൂഡൽഹി: തലസ്ഥാനത്ത് സമരങ്ങളും പ്രക്ഷോഭങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി ഡൽഹി പോലീസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപി നൽകിയതോ ആയ സാധുവായ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണമെന്നും അവ വ്യക്തമായി കാണുന്ന രീതിയിൽ ധരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൂടാതെ, റിപ്പോർട്ടിംഗിനിടെ പോലീസിന്റെ ഔദ്യോഗിക നടപടികൾക്കോ നീക്കങ്ങൾക്കോ തടസ്സം സൃഷ്ടിക്കരുത്, പ്രക്ഷോഭകാരികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന രീതിയിൽ സുരക്ഷിതമായ അകലം പാലിക്കണം തുടങ്ങിയ കാര്യങ്ങളും നാല് പോയിന്റുകളുള്ള ഈ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ജന്തർ മന്ദിറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ പോലീസിൽ നിന്ന് ലൈംഗികാതിക്രമവും അതിക്രമങ്ങളും നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഡൽഹി പോലീസിന്റെ ഈ നടപടി. പരാതികൾ നിലവിൽ പോലീസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.
















