തിരുവനന്തപുരം: വേണാട് എക്സ്പ്രസിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബിജെപി നേതൃസംഘം റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 19 കോച്ചുകളുള്ള വേണാട് എക്സ്പ്രസിലെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഘട്ടംഘട്ടമായി കോച്ചുകൾ ആധുനികവൽക്കരിക്കാനാണ് തീരുമാനം. നിലവിലെ കോച്ചുകളിൽ ഒരു കോച്ചിൽ 108 പേർക്ക് ഇരുന്നും 42 പേർക്ക് നിന്നുമാണ് യാത്ര ചെയ്യാൻ കഴിയുന്നത്. ഇതിന് പകരമായി കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന LWS കോച്ചുകളിലേക്ക് വേണാട് എക്സ്പ്രസിനെ മാറ്റും.
പുതിയ LWS കോച്ചുകളിൽ 220 പേർക്ക് ഇരുന്നും 80 പേർക്ക് നിന്നുമുള്ള യാത്രാ സൗകര്യം ലഭിക്കും. ആദ്യഘട്ടമായി ഈ മാസം ഒമ്പതാം തീയതി മുതൽ മുതൽ 10 LWS കോച്ചുകൾ വേണാട് എക്സ്പ്രസിൽ ഘടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ ഈ മാസം 15 മുതൽ പുതിയ കോച്ചുകളുടെ എണ്ണം 14 ആയി ഉയർത്തും. ഇതിലൂടെ ഏകദേശം 2100 യാത്രക്കാർക്ക് അധികമായി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ട്രെയിനിന്റെ യാത്രാക്ഷമത വർധിപ്പിക്കാനാകും.
യാത്രക്കാരുടെ ബുദ്ധിമുട്ട് തുടർന്നും നിലനിൽക്കുന്ന സാഹചര്യമുണ്ടായാൽ വേണാട് എക്സ്പ്രസിന് പുറമെ അധിക ട്രെയിൻ അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ബിജെപി നേതൃസംഘത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
വേണാട് എക്സ്പ്രസിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ശാസ്താംകോട്ട, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും റെയിൽവേ നടപടി സ്വീകരിക്കുന്നുണ്ട്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ 32 മീറ്റർ വീതം മേൽക്കൂര സ്ഥാപിക്കും. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ 48 മീറ്ററും രണ്ടാം പ്ലാറ്റ്ഫോമിൽ 16 മീറ്ററും മേൽക്കൂര നിർമ്മിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് നടപടികൾ സ്വീകരിച്ച കേന്ദ്ര റെയിൽവേ മന്ത്രിക്കും മന്ത്രാലയത്തിനും നന്ദി അറിയിക്കുന്നതായും പി. കെ. കൃഷ്ണദാസ് പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനും റെയിൽവേ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമുള്ള ഇടപെടൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
















