കൊച്ചി: അച്ഛനുമായുള്ള തര്‍ക്കത്തില്‍ 2009ല്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പനങ്ങാട് പൊലീസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി.പനങ്ങാട് ഭജനമഠത്തിന് സമീപം പുത്തന്‍കുളത്തില്‍ ദേവന്റെ മകന്‍ രാജീവ്കുമാറിനെയാണ് (44) പൊലീസ് കണ്ടെത്തിയത്.
വീട് വിട്ടിറങ്ങിയ രാജീവ് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെട്ടിരുന്നില്ല.സീലിംഗ് ജോലി അറിയാമെന്നതിനാല്‍ രാജീവ് കുമാര്‍ കണ്ണൂര്‍, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ജോലി ചെയ്താണ് ജീവിച്ചത്. രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ തിരിച്ചെത്തിയിട്ടും വീട്ടിലേക്ക് പോയില്ല. കളമശേരിയിലെ ലോഡ്ജില്‍ താമസിച്ച് തൊഴിലെടുക്കുകയായിരുന്നു.
ഇതിനിടെ രാജീവിന്റെ അച്ഛന്‍ 2015ല്‍ മരിച്ചു. സ്വത്ത് വിഭജനത്തിനായി രാജീവിനെ കണ്ടെത്തേണ്ട സാഹചര്യം ഒരു മാസം മുമ്പാണ് കുടുംബത്തിന് ഉണ്ടായത്. ദേവന്റെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയ മകനായ രാജീവിനെ കണ്ടെത്തുന്നതിനായി അമ്മ ലീലാമ്മ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി.
ഏതാനും വര്‍ഷം മുമ്പ് മദ്യപിച്ച് വാഹനമോടിച്ചതിന് രാജീവിനെതിരെ കൊച്ചിയില്‍ കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന വാഹനം പിന്നീട് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ കണ്ടെത്തിയത്.
















