ലഖ്നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ബിജെപി എട്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ പാർട്ടി എംഎൽഎ ധരംപാൽ സിംഗ്, മുതിർന്ന നേതാക്കളായ രാധാകാന്ത് ഓഝ, ഗോപി കൃഷ്ണ പാണ്ഡെ, പ്രകാശ് പാൽ എന്നിവർ പട്ടികയിലുണ്ട്. ഉത്തർപ്രദേശിലെ ബിജെപിയുടെ ദളിത് മുഖമായി കണക്കാക്കപ്പെടുന്ന മുൻ ലോക്‌സഭാംഗവും മുൻ എംഎൽഎയുമായ വിദ്യാസാഗർ സോങ്കറിനെയും പാർട്ടി മത്സരിപ്പിക്കുന്നു.
മുൻ ലോക്‌സഭാംഗം പ്രിയങ്ക സിംഗ് റാവത്ത്, ഉത്തർപ്രദേശിൽ താഴെത്തട്ടിൽ പാർട്ടിക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തിയ മുതിർന്ന നേതാവ് രാം പ്രതാപ് സിംഗ് ചൗഹാൻ എന്നിവർക്കും രാജ്യസഭാ സീറ്റ് നൽകി. മുതിർന്ന ബിജെപി നേതാവും ജാർഖണ്ഡ് ഗവർണറുമായ സന്തോഷ് കുമാർ ഗംഗ്വാറിന്റെ മകൾ ശ്രുതി ഗംഗ്വാറിനെയും പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
രാജ്യസഭാംഗങ്ങളായ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി, ഉപഭോക്തൃകാര്യ സഹമന്ത്രി ബൻവാരി ലാൽ വർമ്മ എന്നിവരെ ബിജെപി ഒഴിവാക്കി. ബിജെപിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ അരുൺ സിംഗിനെയും പാർട്ടി ഒഴിവാക്കിയിട്ടുണ്ട്. ഗീത ശാക്യ, സീമ ദ്വിവേദി, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ എന്നിവർക്കും പാർട്ടി ടിക്കറ്റ് ലഭിച്ചില്ല.
















