തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂർ സമയത്തേക്ക് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.
















