തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തും തെറ്റിദ്ധാരണകൾ പരത്തുകയും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്തുകയുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും രാഹുൽ ഗാന്ധിയുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ വി വി രാജേഷ്. അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്ന ആശങ്കയിൽ രാജ്യത്തെ സമ്പൂർണ സംവിധാനവും തകർന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇത് ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന നിലപാട് മുൻ കോൺഗ്രസ് നേതാവായ കപിൽ സിബൽ ഉന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട് വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് മാസത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ വി ഡി സതീശൻ ആദ്യം രാജിവെച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ ഇരട്ടവോട്ട് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചത് രമേശ് ചെന്നിത്തലയാണ്. അന്ന് കോൺഗ്രസിലെ ചില നേതാക്കൾ വ്യക്തിപരമായ വിയോജിപ്പിന്റെ പേരിൽ അദ്ദേഹത്തിന് പിന്തുണ നൽകിയില്ലെന്നും രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിശ്വാസക്കുറവ് ഉന്നയിക്കുന്ന കോൺഗ്രസ്, അതേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ തെലങ്കാനയിലും കർണാടകയിലും കേരളത്തിലും തെരഞ്ഞെടുപ്പ് വിജയിച്ചിട്ടുണ്ടെന്ന വസ്തുതയും പരിശോധിക്കണം.
തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസക്കുറവ് കോൺഗ്രസിന്റെ വിജയങ്ങൾക്കും ബാധകമാണോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. രാഹുൽ ഗാന്ധിക്ക് പാർട്ടിക്കകത്തും പുറത്തും സ്വീകാര്യതയില്ല എന്നതാണ് സത്യം. തന്റെ കഴിവില്ലായ്‌മ മറയ്‌ക്കാൻ സത്യം പറയുന്ന നേതാക്കളെ ഒക്കെ അദ്ദേഹം സൈഡ് ലൈൻ ചെയ്തുകൊണ്ടിരിക്കുകയാനെന്നും രാജേഷ് പറഞ്ഞു.
രാഹുൽ ഗാന്ധി ഒരിക്കലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച ആളല്ല. അതുകൊണ്ടാണ് വടക്കേ ഇന്ത്യയിലെ ശക്തരായ നേതാക്കൾ പലരും പാർട്ടി വിട്ടത്. ഇപ്പോൾ രാഹുൽ എന്ത് തമാശ പറഞ്ഞാലും ചിരിക്കുന്ന കെ സി വേണുഗോപാലിനെ പോലുള്ളവർ മാത്രമാണ് കോൺഗ്രസ് പാർട്ടിയിൽ ബാക്കിയുള്ളത്. കോൺഗ്രസ് ഒരു തമാശ പാർട്ടിയായി മാറിയെന്നും രാജേഷ് പരിഹസിച്ചു.
BJPയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം ശക്തമായ സംഘടനാ സംവിധാനമാണെന്നും രാജേഷ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വൈകുന്നേരം വരെ മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരടക്കം 150-ലധികം പ്രവർത്തകർ തിരുവനന്തപുരത്ത് നടന്ന BJPയുടെ പരിശീലന ക്യാമ്പിൽ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാത്രം മുപ്പത്തിനായിരത്തോളം നേതാക്കൾക്കാണ് ഒരു മാസം കൊണ്ട് പരിശീലനം നൽകിയത്.
കോൺഗ്രസ് ഭരണത്തിലായിരിക്കുമ്പോൾ പാർട്ടി പ്രവർത്തകർ ഭരണത്തിന്റെ ആലസ്യത്തിലും സുഖലോലുപതയിലും മുഴുകുകയാണ്. എന്നാൽ BJP ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഒരേ തീവ്രതയോടെ സംഘടനയെ സുസജ്ജമാക്കി നിർത്തുന്ന രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു അടിയന്തര സാഹചര്യത്തിലും പൊതുസമൂഹത്തിന് സേവനം നൽകാനുള്ള മനോഭാവത്തോടെ, ആദർശശുദ്ധിയും ജനങ്ങളുമായുള്ള ബന്ധവും പുലർത്തുന്ന കേഡർമാരെ സൃഷ്ടിക്കുകയാണ് BJPയുടെ ലക്ഷ്യമെന്നും രാജേഷ് പറഞ്ഞു.
എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കാത്തതെന്നും ഭരണത്തിലെത്താൻ കഴിയാത്തതെന്നും പഠിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തി അധികാരത്തിൽ എത്തുന്നതിനായി രാവും പകലും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് BJPയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് സംസ്ഥാനത്തിന്റെ ആസ്തികൾ നേതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും താൽപര്യങ്ങൾക്ക് ഉപയോഗിച്ചു. ഭരണത്തിന്റെ സുഖസൗകര്യങ്ങൾ അനുഭവിക്കുന്നതിൽ മാത്രമായി കോൺഗ്രസ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ജനങ്ങളിൽനിന്ന് പാർട്ടി അകന്നുപോകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പരിശോധിച്ചാലും ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന് ശക്തമായ സംഘടനാ അടിത്തറ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തെക്കേ ഇന്ത്യയിലും പാർട്ടിയുടെ സ്വാധീനം പരിമിതമായിക്കൊണ്ടിരിക്കുകയാണെന്നും രാജേഷ് അഭിപ്രായപ്പെട്ടു.
BJP തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിന്റെ പ്രധാന കാരണം ശക്തമായ സംഘടനാ സംവിധാനവും പരിശീലനം ലഭിച്ച പ്രവർത്തകരുമാണ്. ജനങ്ങളുമായി നിരന്തരം ഇടപഴകുകയും പ്രതിഫലം പ്രതീക്ഷിക്കാതെ സമൂഹത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവർത്തകരെയാണ് BJP വളർത്തിയെടുക്കുന്നതെന്നും അതാണ് പല സംസ്ഥാനങ്ങളിലും ദീർഘകാലമായി പാർട്ടിക്ക് ജനപിന്തുണ ലഭിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ആരോപണങ്ങളും പ്രചാരണങ്ങളും നടത്തുന്നതിന് പകരം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നും അഡ്വ. വി വി രാജേഷ് പറഞ്ഞു.
















