പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ കുളിമുറിയിലെ വാട്ടര്‍ ടാങ്കില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയും ചെയ്തു.
പഴണിയാര്‍പാളയം സ്വദേശിയും തൊഴിലാളിയുമായ ജോണ്‍ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ മേനോന്‍പാറയിലെ വാടകവീട്ടിലാണ് സംഭവം. കുളിമുറിയിലെ കോണ്‍ക്രീറ്റ് ടാങ്കിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കുട്ടികള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.കുട്ടികളുടെ അച്ഛനും ബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടികളുള്ളതിനാല്‍ തനിക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നും, തുടര്‍ന്ന് പഠിക്കാനും മോഡലിംഗ്് ചെയ്യാനും കുട്ടികള്‍ തടസമായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിവേദ്യ മൊഴി നല്‍കി.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
















