കോവളം (തിരുവനന്തപുരം): സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വന്‍ സുരക്ഷാ വീഴ്ച. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കോവളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമായ വകുപ്പുകള്‍ കൂടി ചുമത്തിയേക്കും. ഞായറാഴ്ച വൈകിട്ട് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള മടക്കയാത്രക്കിടയില്‍ കോവളം ജംഗ്ഷനിലായിരുന്നു വന്‍ സുരക്ഷാ വീഴ്‌ച്ചയുണ്ടായത്.
വിവിഐപി വാഹനം കടന്നുപോകുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച്, മദ്യപിച്ച യുവാക്കള്‍ ബെക്കോടിച്ച് കയറുകയായിരുന്നു. സഞ്ചാരപാതയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് ലംഘിച്ച് സംഘം ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് കടന്നുപോകാന്‍ ശ്രമിച്ചു.
പ്രതികളായ വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് സ്വദേശികളായ അഷ്‌കര്‍ (28), നാദിര്‍ഷാ (29) എന്നിവരെ പോലീസ് ഓടിച്ച് പിടികൂടുകയായിരുന്നു.
നിലവില്‍ ജാമ്യം ലഭിക്കാവുന്ന സാധാരണ വകുപ്പുകള്‍ ചുമത്തിയാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്. ബാലരാമപുരം എസ്‌യുടി അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ബിരുദ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു ഉപരാഷ്‌ട്രപതി. തിരുവല്ലം ഭാഗത്ത് നിന്ന് വന്ന ബൈക്ക് കോവളം ഇംഗ്ഷനില്‍ എത്തിയപ്പോള്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ച്
പോയി.
സുരക്ഷാവീഴ്ച മനസിലാക്കിയ പോലീസ് നാലുകിലോമീറ്ററോളം ദൂരം പിന്‍തുടര്‍ന്ന് കാഞ്ഞിരംകുളത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു. തിരുവല്ലം ഭാഗത്ത് നിന്നുള്ള യാത്രക്കിടെ പലയിടത്തും പോലീസിന്റെ വിലക്ക് ലംഘിച്ചാണ് യുവാക്കള്‍ ബൈക്കോടിച്ച് വന്നത്. സുരക്ഷാ വീഴ്ചയുടെ ഗൗരവം കണക്കിലെടുത്ത് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ മുന്‍കാല പശ്ചാത്തലവും സംഭവത്തിനു പിന്നിലെ ലക്ഷ്യവും സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയുകയോ, മനഃപൂര്‍വം സുരക്ഷാ ഭീഷണി ഉയര്‍ത്താന്‍ ശ്രമിച്ചതാണെന്ന് വ്യക്തമാകുകയോ ചെയ്താല്‍ നിലവിലെ വകുപ്പുകള്‍ മാറ്റി ജാമ്യമില്ലാത്ത ഗുരുതരമായ വകുപ്പുകള്‍ ചുമത്താനാണ് പോലീസിന്റെ തീരുമാനം. കോവളം എസ്എച്ച്ഒ ഷീനക്കാണ് അന്വേഷണ ചുമതല.
















