മയ്യിൽ : ഹിന്ദു ദൈവങ്ങളോടുള്ള അകൽച്ച ക്ഷേത്രങ്ങളിലെ പണത്തിനോട് സഖാക്കൾ കാണിക്കാറില്ല . അതുകൊണ്ട് തന്നെയാണ് ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി നാടിനായി ഒരുക്കുന്ന ആംബുലൻസ് വാങ്ങുന്നതിനുള്ള ധനസമാഹരണത്തിലേക്ക് അതുവരെ ലഭിച്ച ദക്ഷിണത്തുക മുഴുവൻ സംഭാവനയായി നൽകി മുത്തപ്പൻ വെള്ളാട്ടം നൽകിയപ്പോൾ കൈ നീട്ടി വാങ്ങിയതും.
ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന “ആർദ്രം” ആംബുലൻസ് പദ്ധതിക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം പ്രദേശത്ത് സജീവമായി നടന്നുവരികയായിരുന്നു. മുല്ലക്കൊടി പലാത്തിൽ കെ. ലീലയുടെ മകൻ കെ. മനോജ്, സി.പി. അനില എന്നിവരുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് വീട്ടുകാർ വാഗ്ദാനം ചെയ്ത സംഭാവന സ്വീകരിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അവിടെയെത്തിയത്.
ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ പ്രവർത്തകർ എത്തുമ്പോൾ ചടങ്ങിന്റെ ഭാഗമായി മുത്തപ്പൻ വെള്ളാട്ടം നടക്കുകയായിരുന്നു. വീട്ടുകാരിൽനിന്ന് പ്രവർത്തകർ തുക ഏറ്റുവാങ്ങുന്നതു കണ്ട മുത്തപ്പൻ വെള്ളാട്ടം, ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം ഉൾക്കൊണ്ട് പ്രവർത്തകരെ അടുത്തേക്ക് വിളിക്കുകയാണുണ്ടായത്.ചടങ്ങിൽ ഭക്തരിൽനിന്ന് അതുവരെ ദക്ഷിണയായി ലഭിച്ച മുഴുവൻ തുകയും സന്തോഷത്തോടെ എണ്ണിത്തിട്ടപ്പെടുത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു.
















