Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാല നഗരസഭാ വൈസ് ചെയര്‍മാന്‍. തെരഞ്ഞെടുക്കപ്പെട്ടതിന്‌റെ ആഹ്ലാദത്തില്‍ നഗരത്തിലെമ്പാടും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സ്വയം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച വൈസ് ചെയര്‍മാന്‍ ബിജു മാത്യൂസിന് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഇതെല്ലാം നീക്കം ചെയ്യേണ്ടി വന്നു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി, ചിലര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയതോടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറി നിര്‍ദ്ദേശിക്കുകയായിരുന്നു. ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത് തന്‌റെ അറിവോടെയല്ലെന്ന് പ്രസ്താവനയിറക്കിയെങ്കിലും നിലവില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെടുകയും കൗണ്‍സിലര്‍ സ്ഥാനം പോലും അയോഗ്യതയുടെ പേരില്‍ നഷ്ടപ്പെടാനിരിക്കുന്നതുമായ ബിജുവിന് ഇത്രയധികം ആരാധകര്‍ ഉണ്ടെന്നത് ആരും വിശ്വാസത്തിലെടുത്തിട്ടില്ല.
ദിയ ബിനു പുളിക്കക്കണ്ടത്തിന്‌റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയെ കൂറുമാറി വോട്ട് ചെയ്ത് പുറത്താക്കിയ ബിജു മാത്യൂസ് ഇപ്പോള്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഭരണം കയ്യാളുകയാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയ്‌ക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അടുത്തദിവസം ഹിയറിങ് വച്ചിട്ടുണ്ട്.

Recent Posts