
തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഡിവൈഎസ്പി എ ഉമേഷിനെ സര്‍ക്കാര്‍ തിരിച്ചെടുത്തു. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഇത്തരമൊരു ആരോപണം ഉയരുകയും തുടര്‍ന്ന് ഇതു ശരിവെച്ച് ഉമേഷിനെതിരെ ആ യുവതി തന്നെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് വടകര ഡിവൈഎസ്പി ആയിരിക്കെ ഉമേഷ് സസ്‌പെന്‍ഷനിലായത്.
വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായ നിലയ്‌ക്ക് തിരിച്ചെടുക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
അനാശാസ്യത്തിന് പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും നാലു യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ഉമേഷിനെതിരായ ആരോപണം.