Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഓസ്‌ലോ: സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ടഗോള്‍ മികവില്‍ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ നോര്‍വേയ്‌ക്ക് ജയം. ആദ്യ ഇരുപത് മിനിറ്റിനുള്ളില്‍ നാല് മിനിറ്റിനിടെ നേടിയ രണ്ട് ഗോളില്‍ ആധിപത്യം പുലര്‍ത്തിയ നോര്‍വേയ്‌ക്കെതിരെ ഡെന്‍മാര്‍ക്ക് രണ്ട് പകുതികളിലായി രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഒപ്പമെത്തി. ഒടുവില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി ഹാലന്‍ഡ് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു.

ഇന്നലെ നടന്ന യുവേഫ നേഷന്‍സ് ലീഗ് പോരാട്ടങ്ങളില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഗ്രൂപ്പ് ഡിയിലെ നോര്‍വേ-ഡെന്‍മാര്‍ക്ക് കൂടിക്കാഴ്‌ച്ച. 14-ാം മിനിറ്റില്‍ ഒസ്‌കര്‍ ബോബിലൂടെ നോര്‍വേ മുന്നിലെത്തി. നാല് മിനിറ്റിനകം ഹാലന്‍ഡ് നോര്‍വേ ലീഡ് ഇരട്ടിപ്പിച്ചു. പതറാതെ പൊരുതിയ ഡെന്മാര്‍ക്ക് 25-ാം മിനിറ്റില്‍ മിക്കല്‍ ഡംസ്ഗാര്‍ഡിലൂടെ ആദ്യ ഗോള്‍ മടക്കി. രണ്ടാം പകുതിയിലേക്ക് തിരിഞ്ഞ മത്സരത്തിന് 60 മിനിറ്റായപ്പോള്‍ റാസ്മര്‍ ഹൊയ്‌ലന്‍ഡ് ഡെന്‍മാര്‍ക്കിന് സമനില ഗോള്‍ സമ്മാനിച്ചു. 74-ാം മിനിറ്റില്‍ ഇരട്ടഗോള്‍ തികച്ച് ഹാലന്‍ഡ് നോര്‍വേയ്‌ക്ക് ജയം സമ്മാനിച്ചു.

 

Recent Posts