യു എൻ: ഭീകരവാദം, ജമ്മു-കശ്മീർ, ജനാധിപത്യ അവകാശങ്ങൾ, ന്യൂനപക്ഷ വിഷയങ്ങൾ എന്നിവയെക്കുറിച്ച് പാകിസ്ഥാൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ഐക്യരാഷ്‌ട്രസഭയിൽ ശക്തമായി പ്രതികരിച്ച് ഭാരതം. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ സ്ഥിരം ദൗത്യസംഘത്തിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്‌ലോട്ട് ആണ് രൂക്ഷമായ നിലപാട് വ്യക്തമാക്കിയത്.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാൻ പിന്തുണയ്‌ക്കുന്നുവെന്ന് വ്യക്തമാക്കിയ ഗഹ്‌ലോട്ട് ജമ്മു-കശ്മീരിനെക്കുറിച്ചുള്ള അവരുടെ പരാമർശങ്ങൾ തള്ളിക്കളയുകയും ചെയ്തു. പാകിസ്ഥാനിലെ ജനാധിപത്യം, മനുഷ്യാവകാശം, മതപരമായ അസഹിഷ്ണുത എന്നിവയിലെ അവരുടെ നിലപാടുകളെയും അവർ ചോദ്യം ചെയ്തു; ഒപ്പം പാകിസ്ഥാന്റെ 27-ാം ഭരണഘടനാ ഭേദഗതിയെയും, അവിടുത്തെ “യഥാർത്ഥ ഭരണാധികാരിക്ക്” ലഭിക്കുന്ന ആജീവനാന്ത സംരക്ഷണത്തെയും അവർ പരാമർശിച്ചു.
പാകിസ്ഥാന്റെ വർഷങ്ങളായുള്ള അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളാണ് പ്രധാന വിഷയമെന്ന് ഗഹ്‌ലോട്ട് പറഞ്ഞു. ഭീകരവാദത്തിനെതിരെ കഴിഞ്ഞ വർഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ ഫലമായി ഭീകരർക്ക് “ഓടിപ്പോകാനോ ഒളിച്ചിരിക്കാനോ ഒരിടവുമില്ല”. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങൾ വിനിയോഗിക്കുകയും അത് തുടരുകയും ചെയ്യും. അതേസമയം പാകിസ്ഥാൻ നടത്തുന്ന ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ പ്രതിനിധി ഉന്നയിക്കുന്ന അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് പാകിസ്ഥാനെയും അതിന്റെ നയങ്ങളെയും അവയുടെ യഥാർത്ഥ സ്വഭാവം കണക്കിലെടുത്ത് വിലയിരുത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. വർഷങ്ങളോളം നുണകൾ ആവർത്തിച്ചതുകൊണ്ട് അവ സത്യമാകുന്നില്ലെന്നും ഗഹ്ലോട്ട് പറഞ്ഞു. ജമ്മു-കശ്മീർ രാജ്യത്തിന്റെ “അവിഭാജ്യവും വേർപെടുത്താനാവാത്തതുമായ ഭാഗം” ആണെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ഗഹ്‌ലോട്ട് പറഞ്ഞു.
















