ഓരോ മാസത്തിലേയും പൗർണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്‌ക്കാൻ അത്യുത്തമമാണ് പൗർണ്ണമി വ്രതം. പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം ,ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം .മാതൃരൂപിണിയാണ് ദേവി .മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണമി ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.
പൗർണ്ണമീവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം.
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്‌ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുമാസത്തിലെ വ്രതം ആരോഗ്യവർദ്ധനയ്‌ക്കും കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയും ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കിടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്‌ക്കും കാരണമാവുന്നു.
















