കൊച്ചി: രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്രയും കാലം ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനം അപൂര്‍ണമായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
ശ്രീരാമനെക്കാള്‍ നന്നായി ഭാരതത്തെ പ്രതിനിധീകരിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക. സ്വാതന്ത്ര്യത്തിനുശേഷം ഏഴു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു രാമക്ഷേത്രം ഉയരാന്‍. പ്രീണനരാഷ്‌ട്രീയവും ഭാരതത്തില്‍ അടിച്ചേല്‍പിക്കപ്പെട്ട വികലമായ മതേതരത്വവും മൂലമാണ് ഇത് സംഭവിച്ചത് അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച വണ്‍ എപിക,് മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട് ത്രിദിന ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്.
ഭാരതത്തെ ഭീഷണിപ്പെടുത്തി ആക്രമിക്കുന്ന ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്യാന്‍ ഏത് അതിര്‍ത്തി കടക്കാനും തയാറാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലുടെ നാം കാണിച്ചുകൊടുത്തു. നക്‌സലിസവും അവസാനിച്ചിരിക്കുകയാണ്. നമ്മുടെ യുവത്വമാണ് ഏറ്റവും വലിയ ശക്തി. യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിക്കുന്നു. യൂണിക്കോണ്‍ കമ്പനികള്‍ സൃഷ്ടിക്കുന്നു. യുവാക്കളെ നമ്മുടെ സംസ്‌കാരത്തില്‍ ബോധവാന്മാരാക്കണം. നമ്മുടെ ദേശീയ ബോധം ശക്തമാക്കാന്‍ ഇതാവശ്യമാണ്, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തില്‍ 25 കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയിട്ടുണ്ട്. ഭാരതമിന്ന് ലോകത്തിന് പ്രചോദനമായി മാറിയിരിക്കുകയാണ്. നമ്മുടെ യുപിഎ സംവിധാനം പത്തിലേറെ രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി മാത്രമല്ല, തന്ത്രപരമായും നാം വളര്‍ന്നിട്ടുണ്ട്. പ്രതിരോധ കയറ്റുമതി ഇപ്പോള്‍ 1.8 ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നു. ഇത് മുന്‍കാലങ്ങളില്‍ 40,000 കോടി രൂപ മാത്രമായിരുന്നു. നൂറോളം രാജ്യങ്ങളിലേയ്‌ക്ക് നമ്മള്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
അന്താരാഷ്‌ട്ര യോഗ ദിനം, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, ബയോ ഫ്യുവല്‍ അലയന്‍സ് എന്നിവയിലൂടെ ഭാരതമിന്ന് ലോകത്തിന്റെ നേതൃത്വത്തിലേയ്‌ക്ക് ഉയര്‍ന്നുവരികയാണ്, രാജ്‌നാഥ് സിങ് പറഞ്ഞു.
കോണ്‍ക്ലേവില്‍ ഇന്ന് അഞ്ച് സെഷനുകള്‍
കൊച്ചി: ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ ഇന്ന് രാമന്റെ ലോകവും ലോകത്തിന്റെ രാമനും എന്ന പ്രമേയത്തില്‍ അഞ്ച് സെഷനുകളാണുള്ളത്.
രാവിലെ 9.30ന് തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ എന്ന വിഷയത്തില്‍ ഹിമാചല്‍പ്രദേശ് സര്‍വകലാശാല പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയുടെ പ്രഭാഷണം. 10.30ന് രാമകഥയിലെ ഭാരതീയ ആദര്‍ശങ്ങളും അവയുടെ ആഗോള സ്വാധീനവും എന്ന വിഷയത്തില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കും.
ഉച്ചയ്‌ക്ക് ഒന്നിന് തെക്കന്‍ ഏഷ്യയിലെ രാമകഥ നേപ്പാള്‍, ശ്രീലങ്ക, പ്രാദേശിക വിവരണങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടി വീണ്ടും പ്രഭാഷണം നടത്തും.
ഉച്ചയ്‌ക്ക് ശേഷം 3ന് ദക്ഷിണേന്ത്യയിലെ രാമകഥകള്‍, കമ്പ രാമായണം, തമിഴ് ശാസ്ത്രീയ പാരമ്പര്യം എന്ന വിഷയത്തില്‍ ചിന്മയ വിശ്വ വിദ്യാപീഠത്തിലെ ഡോ. എല്‍. സമ്പത്ത് കുമാറും 4ന് രാമകഥ നൃത്താവിഷ്‌ക്കാരം എന്ന വിഷയത്തില്‍ കൊച്ചി ദല്‍ഹി പബ്ലിക് സ്‌കൂളിലെ കോ-കരിക്കുലം കോഓര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി ശങ്കറും സംസാരിക്കും. വൈകിട്ട് 6ന് കലാമണ്ഡലം ഗിരീഷും സംഘവും അവതരിപ്പിക്കുന്ന ശ്രീരാമ പട്ടാഭിഷേകം കഥകളി അരങ്ങേറും.
















