തിരുവനന്തപുരം: പാളയത്ത് നിയമസഭാ മന്ദിരത്തിനു സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണമായ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാനില്ല. വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണ ശേഖരത്തിൽ നിന്നാണ് ഇവ കാണാതായത്. ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നിർദേശം നൽകി.
ഈ മാസം 9നു പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ചുമതലയേറ്റതിനെത്തുടർന്ന് സ്ട്രോങ് റൂമിലെ റജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങൾ പരിശോധിച്ചപ്പോഴാണു കൊമ്പുകൾ നഷ്ടപ്പെട്ടതായി അറിയുന്നത്. 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ചതാണു വെള്ളിക്കൊമ്പുകൾ. കൊമ്പുകളിൽ 12 വീതം നീലക്കല്ലുകൾ പതിച്ചിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ആർ.രജിലാലിന്റെ നേതൃത്വത്തിൽ 28ന് സ്ട്രോങ് റൂം തുറന്നു പരിശോധന നടത്തും.
















