ന്യൂദല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ നിർദേശപ്രകാരം ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളും വിതരണക്കാരും വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വിൽക്കാൻ പാടില്ല. സാധാരണ പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ വാങ്ങി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ബാക്ടീരിയ അണുബാധ ഉറപ്പാക്കാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളുടെ വളർച്ചയ്‌ക്ക് വഴിതെളിക്കും.
മുൻപ് രോഗമുണ്ടായപ്പോൾ ഉപയോഗിച്ച ആന്റിബയോട്ടിക്കുകൾ സ്വയം വീണ്ടും കഴിക്കുന്ന ശീലം അടിയന്തരമായി ഒഴിവാക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർദേശിക്കുന്നു. വൃക്കരോഗമുള്ളവർ വേദനസംഹാരികൾ കഴിക്കുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറെ വിവരം അറിയിക്കണം. ഫാർമസിസ്റ്റുകൾ ഒരു കാരണവശാലും സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുത്. തുടർച്ചയായി അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ രോഗകാരണം കണ്ടെത്തി ചികിത്സ തേടേണ്ടതാണ്.
















