
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ക്കുളത്തിലിറങ്ങി അരങ്ങേറ്റം കുറിച്ച് പ്രശസ്ത നടന്‍ ആര്‍. മാധവന്റെ മകന്‍ വേദാന്ത് മാധവന്‍. പുരുഷന്‍മാരുടെ 4-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലാണ് വേദാന്ത് ഭാരതത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത്. രാജ്യത്തിനായി മത്സരിക്കുന്ന മകന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ആര്‍. മാധവന്‍ സോഷ്യല്‍ മീഡിയയില്‍ അഭിമാനം പങ്കുവെച്ചു.
ടോക്കിയോ അക്വാറ്റിക്‌സ് സെന്ററില്‍ നടന്ന മത്സരത്തില്‍ സജന്‍ പ്രകാശ്, ദക്ഷന്‍ ശശികുമാര്‍, വേദാന്ത് മാധവന്‍, അനീഷ് സുനില്‍ എന്നിവരടങ്ങുന്ന ഭാരത റിലേ ടീം 7:24.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. എന്നാല്‍ ഹീറ്റ്‌സില്‍ ഒന്‍പതാം സ്ഥാനത്ത് എത്തിയതോടെ വെറും 0.2 സെക്കന്‍ഡിന്റെ നേരിയ വ്യത്യാസത്തില്‍ ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നഷ്ടമായി (ആദ്യ എട്ട് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ പ്രവേശനം). സെപ്റ്റംബര്‍ 23ന് നടക്കുന്ന 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ വ്യക്തിഗത ഇനത്തിലും വേദാന്ത് മത്സരിക്കുന്നുണ്ട്.
അതേസമയം ഇത്തവണത്തെ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ ഭാരതത്തിന്് സമ്മിശ്ര തുടക്കമാണ് ലഭിച്ചത്. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ പ്രമുഖ നീന്തല്‍ താരം ശ്രീഹരി നടരാജ് ഫൈനലില്‍ എത്തിയെങ്കിലും പത്താമതായാണ് ഫിനിഷ് ചെയ്തത് (25.52 സെക്കന്‍ഡ്). ഇതേ ഇനത്തില്‍ ഋഷഭ് ദാസ് 11-ാം സ്ഥാനത്തെത്തി. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മാണി ആകാശ് (26-ാം സ്ഥാനം), ഗിതേഷ് ഷാ (28-ാം സ്ഥാനം) എന്നിവര്‍ക്കും 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ ധനുഷ് സുരേഷിനും (22-ാം സ്ഥാനം) ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.