കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയതിന് ഷാപ്പുടമയ്‌ക്കെതിരെ കേസെടുത്തു. ചെറായി പാടത്തെ ഷാപ്പിന്‌റെ ഉടമയ്‌ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഷാപ്പിലെത്തിയത്. ഇവര്‍ മൂന്നു ലിറ്ററോളം കള്ള് വാങ്ങി കുടിച്ചു. ഇതിനുശേഷം ബസില്‍ കയറി മടങ്ങിയെങ്കിലും വഴിക്കുവച്ച് ഛര്‍ദിച്ച് അവശരായി. ഇതോടെ ബസ് ജീവനക്കാര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഏല്‍പ്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കള്ളു കൊടുത്തതിനാണ് ഷാപ്പുടമക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്തവരാണ് വന്നവരെന്ന് മനസിലായില്ലെന്ന് ഷാപ്പുടമ പൊലീസിനു മൊഴി നല്‍കി.
















