ന്യൂദല്‍ഹി: അറബിക്കടലില്‍ കേരള തീരത്ത് എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കശുവണ്ടി ഇറക്കുമതിക്കാരുടെ അടക്കം നഷ്ടപരിഹാര കേസില്‍ ഹൈക്കോടതിയില്‍ നവംബര്‍ 13 വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, അരുണ്‍ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
കശുവണ്ടി ഇറക്കുമതിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ കപ്പല്‍ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.കപ്പല്‍ മുങ്ങുമ്പോള്‍ അതില്‍ ഉണ്ടായിരുന്ന കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആര്‍ സജി സുരേന്ദ്രനും സാന്‍സ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി തല്‍സ്ഥിതി ഉത്തരവ് പുറത്തിറക്കിയത്. കേസില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ വി ചിദംബരേഷ്, വി ജെ മാത്യു, അഭിഭാഷകരായ ജോയ് തട്ടില്‍ ഇട്ടൂപ്പ്, അനു ഭുവനചന്ദ്രന്‍ എന്നിവര്‍ ഹാജരായി.
ഷിപ്പിംഗ് കമ്പനിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ നീരജ് കിഷന്‍ കൗള്‍, പ്രശാന്ത് എസ് പ്രതാപ് എന്നിവര്‍ ഹാജരായി.
2025 മേയിലാണ് അറബിക്കടലില്‍ എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലിലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ചരിയുകയും കണ്ടെയ്നറികള്‍ കടലില്‍ വീഴുകയുമായിരുന്നു.എം എസ് സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കപ്പലിലെ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 400 ലേറെ കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു.
















