കന്യാകുമാരി: തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍ തൃപ്പരപ്പിന് സമീപം കോതയാറില്‍ ഏഴ് മാസത്തിലേറെയായി പ്രദേശവാസികള്‍ക്ക് പേടിസ്വപ്‌നമായ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല ഒടുവില്‍ പിടിയിലായി.തിങ്കളാഴ്ച രാവിലെ നിലക്കല്‍ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയില്‍ കുടുങ്ങിയ മുതലയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
വനംവകുപ്പിന്റെ പ്രത്യേക സംഘം വച്ച വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുന്‍പാണ് കോതയാറ്റില്‍ മുതലയെ പ്രദേശവാസികള്‍ കാണുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയതും.തുടര്‍ന്ന് മുതലയെ പിടികൂടാനായി വനംവകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചു.ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചു. കോഴിയെയും ആടിനെയും ഇരയായി വച്ച് കെണിയൊരുക്കിയെങ്കിലും മുതല തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക സംഘം പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി മുതലയുടെ സഞ്ചാരപഥങ്ങള്‍ മനസിലാക്കി വലകള്‍ സ്ഥാപിക്കുകയും ചെയ്തു. വലയില്‍ കുടുങ്ങിയ 300 കിലോയോളം തൂക്കമുള്ള മുതലയെ കൂടുതല്‍ വലകള്‍ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാര്‍ കരയ്‌ക്കു കയറ്റി.തുടര്‍ന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.മുതലയെ എങ്ങോട്ട് മാറ്റണമെന്ന കാര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.
ആറു വര്‍ഷം മുമ്പ് ഈ മുതല ചെറുതായിരുന്നപ്പോള്‍ തന്നെ പലയിടത്തും കണ്ടതായി നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അത് വ്യാജ വീഡിയോ എന്ന് പറഞ്ഞ് വനംവകുപ്പ് അവഗണിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
















