മുംബൈ: മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ‘ഹിന്ദു തീവ്രവാദത്തെയും’ ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതൻമാർ. ഇന്ത്യയിൽ മുസ്ലീങ്ങൾ പുറത്തുനിന്നുള്ളവരാണെന്ന തോന്നൽ ഉണ്ടാക്കരുതെന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി പറഞ്ഞു.രണഘടനാ പദവിയിൽ ഇരിക്കുന്നവർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹമീദ് അൻസാരി ഉപരാഷ്‌ട്രപതിയായി സേവനമനുഷ്ഠിച്ചപ്പോൾ മുസ്ലീങ്ങൾക്ക് അനുകൂലമായി വലിയ പ്രസ്താവനകൾ ഒന്നും നടത്തിയിരുന്നില്ലെന്നും എന്നാൽ ആ പദവി ഒഴിഞ്ഞതിന് ശേഷം അത്തരം നിരവധി പ്രസ്താവനകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്നും എഎൻഐയോട് സംസാരിക്കവെ റാഷിദി പറഞ്ഞു. ഇപ്പോൾ അദ്ദേഹം മുസ്ലീങ്ങളുടെ ഒരു നേതാവായി സ്വയം അവതരിപ്പിക്കുന്നതായാണ് തോന്നുന്നതെന്നും റാഷിദി വ്യക്തമാക്കി.
ഒരാൾ സ്വന്തം മതം പിന്തുടരുകയും എന്നാൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുകയും ചെയ്താൽ അത് എങ്ങനെ തീവ്രവാദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾക്കെതിരെ രാഷ്‌ട്രീയ സംഘടനകളും നേതാക്കളും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു-മുസ്ലീം ബന്ധത്തെക്കുറിച്ചുള്ള ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനകളെയും റാഷിദി പരാമർശിച്ചു. ഇതേപോലെയുള്ള മത സൗഹാർദ്ദത്തിനായുള്ള ആഹ്വാനങ്ങൾ എല്ലാ സമുദായങ്ങളിൽപ്പെട്ടവരും പിൻതുടരേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.












