ശ്രീനാരായണഗുരുദേവന്‍ യുഗപുരുഷന്‍ എന്ന അപരാഭിനാമത്തില്‍ ഇന്നെവിടെയും അറിയപ്പെടുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഗുരുദേവനെ യുഗപുരുഷനായി ലോകം വാഴ്‌ത്തിപ്പാടുന്നു. ആ യുഗപുരുഷന്‍ മഹാപരിനിര്‍വ്വാണത്തെ പ്രാപിച്ചിട്ട് ഇപ്പോള്‍ ഒരു നൂറ്റാണ്ട് തികയുകയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഗുരുദേവന്റെ ചിന്തകള്‍ക്ക് കാലപ്പഴക്കമേറ്റിട്ടില്ല എന്നതാണ് അത്ഭുതകരമായ സത്യം. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും അതിരുകള്‍ക്കപ്പുറം കാണാന്‍ പഠിപ്പിച്ച ഗുരുദര്‍ശനം ഇന്നും ലോകത്തിന് മാര്‍ഗദീപമായി നിലകൊള്ളുന്നു.
ഗുരുവിന്റെ ഈ മഹിതമായ ദര്‍ശനം ലോകരറിഞ്ഞ് അനുഭവിച്ചതിന്റെ ശതാബ്ദി പിന്നിടുകയാണ്. ഒരു ഗുരുദേവഭക്തനെ സംബന്ധിച്ച് അവരുടെ നിത്യജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ സുമുഹൂര്‍ത്തങ്ങളില്‍ ഒന്നാണിതെന്ന് പറയേണ്ടതില്ലല്ലോ. ഭഗവാന്റെ 99-ാമത് മഹാസമാധിദിനമാണ് ഇന്നേദിവസം, ഈ സപ്തംബര്‍ 21. 2027 ലെ മഹാസമാധിദിനം 100-ാമത് ദിനമാണെന്ന് ഓര്‍ക്കുക. അപ്പോള്‍ ഗുരുദേവന്റെ മഹാപരിനിര്‍വ്വാണത്തിന്റെ യഥാര്‍ത്ഥ ശതാബ്ദിയിലേക്ക് ഈ സപ്തംബര്‍ 21 ന് ഇന്നേദിവസം നാം കാലെടുത്ത് വെയ്‌ക്കുകയാണ്. ഇന്നുമുതല്‍ ഒരു വര്‍ഷക്കാലം വിപുലമായ രീതിയിലുള്ള ശതാബ്ദി ആചരണപരിപാടികള്‍ എല്ലായിടത്തും കൊണ്ടാടപ്പെടേണ്ടതാണ്. 2028 ലെ മഹാപരിനിര്‍വ്വാണദിനം 101-ാമത് ദിനമാണ്. ആചരണപരിപാടികള്‍ 2028 വരെ നീളാവുന്നതാണ്. ശതാബ്ദി ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. ഇന്ത്യന്‍ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ശിവഗിരിയില്‍വെച്ച് നിര്‍വ്വഹിക്കപ്പെട്ടത് ഏവരുടേയും ഓര്‍മ്മയിലുണ്ടാവുമല്ലോ.
ഗുരുദേവന്‍ മഹാനിര്‍വ്വാണം പ്രാപിച്ചു എന്നു പറയുന്നത് താത്വികമായ വിചിന്തനത്തില്‍ സോപാധികം മാത്രമാണ്. ഗുരുദേവനെപ്പോലെയുള്ള ബ്രഹ്‌മനിഷ്ഠന്മാര്‍ നിരുപാധികമായ സത്യത്തില്‍ അമര്‍ന്നവരാണ്. അവര്‍ പോക്കുവരവറ്റ പരംപൊരുളാണ്. അതായത് ജനനമരണങ്ങള്‍ക്കതീതരാണ്. ഗുരുദേവന്‍ ആത്മോപദേശശതകത്തില്‍
മരണവുമില്ല പുറപ്പുമില്ല വാഴ്‌വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-
ല്‌പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം.
എന്ന് ആത്മാവിന്റെ യഥാര്‍ത്ഥസ്വരൂപം വെളിപ്പെടുത്തുന്നു. ആത്മാവിന് അഥവാ ആത്മസത്യത്തിന് ജനനവും മരണവുമില്ല. അത് വിലമതിയാത്ത വിളക്കായി സകലവുമുറ്റു പാര്‍ത്തു സകലാശ്രയമായി രാത്രിയും പകലും ഒരുപോലെ നിന്നെരിയുന്ന മഹാപ്രദീപമാണ്. ഗുരുദേവന്‍ ആ മഹാചൈതന്യം തന്നെയാണ്. അവിടുന്ന് ജനിച്ചു മഹാസമാധിപ്രാപിച്ചു. എന്നൊക്കെ വ്യവഹരിക്കുന്നത് സാധാരണലോകനീതിക്ക് അനുസൃതമാണെന്ന് പറയാം.ഗുരുദേവന്‍ ദൈവദശകം പോലെ തന്നെ പ്രാധാന്യമേറിയ മറ്റൊരു കൃതിയും നിത്യപ്രാര്‍ത്ഥനയ്‌ക്കും മനനത്തിനുമായി കല്‍പ്പിച്ചിട്ടുമുണ്ട്. ‘ഗദ്യപ്രാര്‍ത്ഥന’ എന്നപേരില്‍ പ്രചുരപ്രചാരം നേടിയ ആ പ്രാര്‍ത്ഥനയില്‍ ഒരിടത്തായി ഇപ്രകാരം പറയുന്നു. ‘നാം ശരീരമല്ല, അറിവാകുന്നു. (ഈശ്വരനാകുന്നു). ശരീരമുണ്ടാകുന്നതിന് മുന്‍പും അറിവായ (ഈശ്വരനായ നാമുണ്ടായിരുന്നു) ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല.’
ഗുരുദേവന്റെ യഥാര്‍ത്ഥസ്വരൂപമാണ് ഇവിടെ പ്രകാശിതമായിരിക്കുന്നത്. ഗുരുദേവന്‍ അറിവാണ്. പരബ്രഹ്‌മസത്തയാണ്. നീ സത്യം ജ്ഞാനമാനന്ദം. ദൈവം സത്യമാണ്. ജ്ഞാനമാണ്. ആനന്ദമാണ്. ആ സത്യം തന്നെയാണ് ഗുരുദേവന്‍. ഗുരുദേവന്‍ 172 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെമ്പഴന്തിയിലെ മാടനാശാനും കുട്ടിയമ്മയ്‌ക്കും മകനായി ശരീരമെടുക്കുന്നതിന് മുന്‍പ് അറിവായി ഈശ്വരസത്തയായി പ്രകാശിച്ചിരുന്നു. 73-ാം വയസ്സില്‍ ശരീരം ഉപേക്ഷിച്ചതിന് ശേഷവും അവിടുന്ന് എവിടയും പ്രകാശിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ശിവഗിരിയിലും ചെമ്പഴന്തിയിലും അരുവിപ്പുറത്തും ആലുവയിലും, മഹാസമാധി പ്രാപിച്ചപ്പോള്‍ അകവും പുറവുമൊഴിഞ്ഞെന്‍ ഭഗവാനേ നീ നിറഞ്ഞു വാഴുന്നു. ശിവഗിരിയിലും ഇന്ത്യയിലും ലോകമെമ്പാടും സര്‍വ്വവ്യാപിയായി സച്ചിദാനന്ദസ്വരൂപമായി ഗുരുദേവന്‍ നിറഞ്ഞു പ്രകാശിക്കുന്നു.
മഹാസമാധി പ്രാപിച്ചതിന് ശേഷം ഗുരുദേവന്റെ അവസ്ഥയെന്തെന്ന് ചോദിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. ഇതിനുത്തരം നേടേണ്ടത് ഗുരുദേവകൃതികളിലൂടെ, ഔപനിഷദജ്ഞാനത്തിലൂടെയാണ്. പരബ്രഹ്‌മസത്യത്തെ സാക്ഷാത്കരിച്ച ഒരു മഹാഗുരു എല്ലാവിധമായ വൈകാരികതലങ്ങള്‍ക്കും അതീതമാണ്. ശരീരത്തിന് അസ്തി, ജായതേ, വര്‍ദ്ധതേ, വിപരിണമതേ, ക്ഷീയതേ, നശ്യതേ എന്നിങ്ങനെയുള്ള ആറു വികാരങ്ങളുണ്ട്. എന്നാല്‍ ഈ വികാരങ്ങളൊന്നും ആത്മാവിനില്ല. അത് നിത്യസത്യമായി ശാശ്വതമായി പ്രകാശിക്കുന്നു. ഗുരുദേവന്റെ അദ്ധ്യാത്മഭാവത്തെ അറിയാത്തവരാണ് ശ്രീനാരായണഗുരു ജനനമരണങ്ങള്‍ക്ക് വിധേയമായി നിലകൊള്ളുന്നതായി വ്യവഹരിക്കുന്നത്. ഒരിക്കല്‍ ശ്രീശ്രീ രവിശങ്കര്‍ ഗുരുദേവനെക്കുറിച്ച് എഴുതിയിരുന്നു.’ശ്രീനാരായണഗുരു ഇന്നലെ ഉണ്ടായിരുന്നു. ഇന്ന് ഉണ്ടായിരിക്കും. ഇനി നാളെയും ഉണ്ടായിരിക്കും. എന്നുമുണ്ടായിരിക്കും’ ഗുരുദേവന്റെ യഥാര്‍ത്ഥസ്വരൂപമാണ് ശ്രീശ്രീ രവിശങ്കര്‍ ഇവിടെ പറഞ്ഞുവച്ചിട്ടുള്ളത്. ആത്മോപദേശശതകം തുടങ്ങിയ ഗുരുദേവകൃതികളുടെ അനുസന്ധാനത്തിലൂടെ ഈ സത്യത്തെ കൂടുതലായി ഭക്തന്മാര്‍ മനനം ചെയ്യണം.
ന ജായതേ മ്രിയതേ വാ കദാചിത്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ?
ഈ ആത്മാവ് ജനിക്കുന്നില്ല, മരണപ്പെടുന്നുമില്ല. അത് സ്ഥിതിചെയ്യുന്നതുമില്ല. അജനായി- ജനിക്കാത്തവനായി നിത്യനായി-എന്നുമുള്ളവനായി, ശാശ്വതമായി- നിത്യമായി നിലകൊള്ളുന്ന പരമാത്മസത്യമായി പ്രകാശിക്കുന്നു. ആത്മാവിനെ ആര്‍ക്കും കൊല്ലാനോ കൊല്ലിക്കാനോ നശിപ്പിക്കുവാനോ ഇല്ലാതാക്കുവാനോ സാധിക്കുന്നതല്ല.
ഈ ഒരാത്മതത്വത്തെ പ്രാപിക്കുന്നവരാണ് യഥാര്‍ത്ഥഗുരുവര്യന്മാര്‍. ചെമ്പഴന്തിയിലെ നാരായണന്റെ യഥാര്‍ത്ഥസത്വം ഇതാണ്. അവിടുന്ന് ബാല്യകാലം മുതല്‍ക്കുതന്നെ ആത്മതത്വത്തില്‍ അഭിരമിച്ചാണ് സ്വര്‍ഗീയജീവിതം നയിച്ചത്.സാധാരണജീവന്മാരെപ്പോലെ ഒരു വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാതെ, അതിനതീതമായ നിത്യസത്യത്തെ സാക്ഷാത്കരിക്കുവാന്‍ ഗുരു സര്‍വസംഗപരിത്യാഗിയായി. കാളിയമ്മ ചെമ്പഴന്തിയിലെത്തുന്നതിന് മുന്‍പ് തന്നെ നാരായണന്‍ കുടുംബജീവിതത്തെ ത്യജിച്ചിരുന്നു. എന്നാല്‍ ഗുരുവിന്റെ ജീവിതത്തെ അറിയാത്ത ഇന്നത്തെ ചില വിദ്വാന്മാര്‍ ശ്രീനാരായണഗുരുസ്വാമികള്‍ വലിയ സാമൂഹികപരിഷ്‌കര്‍ത്താവാണ്, വിപ്ലവകാരിയാണ് എന്ന് വ്യവഹരിക്കാറുണ്ട്. ഗുരുവിന് സാമൂഹികപരിഷ്‌കര്‍ത്താവായോ വിപ്ലവകാരിയായോ ജീവിക്കുന്നതിന് കാളിയമ്മയെ ഉപേക്ഷിക്കേണ്ട കാര്യമില്ലായിരുന്നു. സാധാരണ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെപ്പോലെ കുടുംബജീവിതം നയിച്ചുകൊണ്ട് അതാകാമായിരുന്നു. എന്നാല്‍ സാമൂഹിക പരിഷ്‌കരണത്തിന് വിപ്ലവത്തിനും അതീതമായി ആ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനെ പ്രാപിക്കുവാന്‍ വേണ്ടിയാണ് ഗുരു സര്‍വസംഗപരിത്യാഗിയായത്. സത്യാന്വേഷകനായി ഭാരതമൊട്ടാകെ ചുറ്റിസഞ്ചരിച്ചത്. ജാതിഭേദവും മതദ്വേഷവും വിഭാഗീയ ചിന്താഗതികളും നേരില്‍ക്കണ്ട് മനസ്സിലാക്കുവാന്‍ ഗുരുവിന്റെ ഈ ഭാരതപരിക്രമണം ഒട്ടേറെ സഹായകമായി. ഭൂരിപക്ഷം ജനത ജ്ഞാനാന്ധതയുടെ ഇരുട്ടറയിലായിരുന്നു. അവര്‍ക്ക് മോചനം നല്‍കുവാന്‍ ജ്ഞാനമാകുന്ന വെളിച്ചം പ്രസരിപ്പിക്കണം. അതിന്നായി ‘ബോധസൂര്യനെ ഉദിപ്പിക്കുവാന്‍ ബന്ധവിമുക്തനായി ഏകാന്തമാം ബോധമുണര്‍ന്ന് പരമാനന്ദം കൈവരിക്കുവാന്‍ പരിത്യാഗിയായ നാരായണന്‍ കന്യാകുമാരിക്കടുത്തുള്ള മരുത്വാമലയിലെ പിള്ളത്തടം ഗുഹയില്‍ ഏതാണ്ട് 5 വര്‍ഷക്കാലം തപസ്സില്‍ മുഴുകി.
ഈ തപസ്സാണ് ഇന്ന് നാം അറിയുന്ന ശ്രീനാരായണഗുരുവെന്ന യുഗപുരുഷനെ സൃഷ്ടിച്ചത്. ഗുരു തപസ്സ് ചെയ്ത് ബ്രഹ്‌മസത്യത്തെ സാക്ഷാത്ക്കരിക്കാതിരുന്നുവെങ്കില്‍ മറ്റൊരു ഡോക്ടര്‍ പല്‍പ്പുവിനെയോ അയ്യങ്കാളിയെയോ മന്നത്തു പത്മനാഭനെയോ പണ്ഡിറ്റ് കറുപ്പനെയോ വേണ്ട, മഹാത്മാഗാന്ധിയെയോ, ഡോ. അംബേദ്ക്കറെയോ നാരായണനില്‍ നമുക്ക് കാണാമായിരുന്നു. തപസ്സ് ചെയ്ത് ബ്രഹ്‌മനിഷ്ഠനായതോടു കൂടി നാരായണന്‍ ശ്രീനാരായണഗുരുവായി.തപസ്സ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയതുപോലെ, ഇമ്മാനുവല്‍ എന്ന യേശുവിനെ ക്രിസ്തുവാക്കിയതുപോലെ, മുഹമ്മദിനെ നബി ആക്കിയതുപോലെ, നാരായണനെ ശ്രീനാരായണഗുരുവാക്കി, ശ്രീനാരായണപരമഹംസനാക്കി. ഗുരുദേവന്‍ ആര്‍ജിച്ച ഈ ബ്രഹ്‌മജ്ഞാനാനുഭവത്തെ വിലയിരുത്തിക്കൊണ്ടാണ് മഹാകവി കുമാരനാശാന്‍’പരമാത്മവിദ്യയുടെ പരമാവധി കണ്ടവര്‍ ഇദ്ധരിണയില്‍ സ്വാമിയെപ്പോലെ ഒരുവനില്ല’ എന്ന് പറഞ്ഞത്.പരമമായ ഈശ്വരതത്ത്വത്തെ പ്രാപിച്ച ജഗദ്ഗുരുക്കന്മാരുടെ കൂട്ടത്തില്‍ ഇത്രയേറെ പരിപൂര്‍ണതയെ പ്രാപിച്ച മറ്റൊരു ഗുരുവിനെ കാണാനാവില്ല. പക്ഷേ ആ ഗുരു പരമഹംസനായി-പരഹംസനീവണ്ണം മരുവുന്നു ലൗകികന്‍ പോല്‍ പരമഭാഗ്യമിതെന്നേ പറയേണ്ടു നാം. അവിടുന്ന് പരിപൂര്‍ണമായ ബ്രഹ്‌മസത്തയെ പ്രാപിച്ച് ബ്രഹ്‌മനിഷ്ഠനായി എങ്കിലും ആ പരംഹംസന്‍ ലോകകാരുണ്യം കൊണ്ട് താഴോട്ടിറങ്ങിവന്ന് ഒരു ലൗകികനെന്ന പോലെ വിഹരിക്കുന്നു. അതാണ് ലോകത്തിന് ലഭിച്ച ഏറ്റവും വലിയ മഹാഭാഗ്യം.
ഇന്ത്യാമഹാരാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് ഭാരതീയരുടെ യഥാര്‍ത്ഥമായ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുവാന്‍ ഗുരുവിന് സാധിച്ചിരുന്നു. ഗുരുവിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ അരുവിപ്പുറം പ്രതിഷ്ഠതൊട്ട് മഹാസമാധി പര്യന്തം നാല്‍പ്പത് വര്‍ഷക്കാലത്ത് മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ ഈ സത്യം തെളിഞ്ഞുകിട്ടുന്നു. ഒരിക്കല്‍ ഗുരുദേവന്‍ സി.വി. കുഞ്ഞിരാമനുമായി നടത്തിയ ഒരു സംഭാഷണത്തില്‍’ബുദ്ധന്‍ അഹിംസയ്‌ക്ക് പ്രാധാന്യം നല്‍കി. ക്രിസ്തു സ്‌നേഹത്തിന് പ്രാധാന്യം നല്‍കി. നബി സാഹോദര്യത്തിന് പ്രാധാന്യം നല്‍കി. ഈ കാലഘട്ടത്തിന്റെ ആവശ്യം ജാതിമതാദി ഭേദചിന്തകളില്‍ നിന്നുള്ള മോചനമാണ്. മനുഷ്യത്വം വീണ്ടെടുക്കണം’. ഗുരുദേവന്‍ അവിടുത്തെ മുഴുവന്‍ ജീവിതവും സമര്‍പ്പണം ചെയ്തത് ജാതിമതാദി ഭേദചിന്തകളില്‍ നിന്നും ജനതയെ മോചിപ്പിച്ച് മനുഷ്യത്വം വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു. ഈ സംഭാഷണത്തില്‍ നിന്നും ഒരു കാര്യം കൂടി നമുക്ക് തെളിഞ്ഞുകിട്ടുന്നു. ഗുരുദേവന്‍ ആരായിരുന്നു എന്നുള്ള സത്യം. ബുദ്ധന്റെയും ക്രിസ്തുവിന്റെയും നബിയുടെയും പാരമ്പര്യത്തിലാണ് ഗുരുവിന്റെയും സ്ഥാനം എന്ന് ആ മഹാഗുരു ഗണ്യമായി ഇവിടെ പറഞ്ഞുവെയ്‌ക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് നാം ഓര്‍മ്മിക്കണം. ഇപ്രകാരം യുഗപുരുഷനായ മഹാഗുരു തന്നെയും പ്രഖ്യാപിച്ചുവെങ്കിലും ഗുരുവിനെ മഞ്ഞപ്പിത്തം ബാധിച്ചവന്റെ കാഴ്പ്പാടോടെ ഒരിരുണ്ട ജാതിഗര്‍ത്തത്തില്‍ താഴ്‌ത്തിയിരിത്തുവാനാണ് പലരും ശ്രമം ചെയ്തു പോരുന്നത്. ഓരോ സമുദായത്തിനും ഓരോരോ ഗുരുക്കന്മാര്‍ വേണം. അതുപോലെ ഈഴവസമുദായത്തിനും ഒരു ഗുരു വേണം. അതാണ് ശ്രീനാരായണഗുരു എന്നവര്‍ തെറ്റായി ധരിച്ചിരിക്കുന്നു.
എളിയ സഹോദരങ്ങളെ, കല്‍പ്പിച്ചുകൂട്ടിയ ഈ മഹാ അപരാധത്തില്‍ നിന്നും, ഈ മഹാപാപത്തില്‍ നിന്നും എന്നാണ് നമുക്ക് മോചനമുണ്ടാകുക. ഗുരുവിന് ജാതിമതദേശഭേദങ്ങളുണ്ടായിരുന്നതേയില്ല. ഗുരു ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടു. ഗുരുദേവന്‍ ഏകലോകവ്യവസ്ഥിതിയെ മഹാപ്രവാചകനാക്കി. അങ്ങനെയുള്ള ആ മഹാഗുരുവിനെ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായി ചിത്രീകരിക്കുന്ന പ്രവണതയില്‍ നിന്നും മോചനമുണ്ടാകുവാന്‍ ഇനിയും വൈകിക്കൂടാ എന്ന സാധനയോടെ പറഞ്ഞുവെയ്‌ക്കട്ടെ.
ഗുരുദേവന് ദേശഭേദങ്ങളുണ്ടായിരുന്നില്ല. കേരളം, തമിഴ്‌നാട്, കര്‍ണാടകം, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ടാണ് ഗുരുദേവന്‍ അവിടുത്തെ വിശ്വദര്‍ശനം ചമച്ചത്. എന്നാല്‍ ഗുരുവിന്റെ ദര്‍ശനം ലോകദര്‍ശനമാണ്. അതിന്റെ കാതല്‍ ദൈവമക്കളായ മുഴുവന്‍ മനുഷ്യരും ആത്മസഹോദരന്മാരാണ് എന്നതാണ്. ഇന്ന് ഭാരതത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റേതുമായി ഏറെ സംഘട്ടനങ്ങളും വിഭാഗീയതയും ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം വഴുതിപ്പോകുമോ എന്ന ഭയാശങ്കകളാണ് മാസങ്ങള്‍ക്ക് മുന്‍പ് നാം കണ്ടത്. ഇപ്പോള്‍ പരിശുദ്ധ മെക്കാനഗരത്തിന് മുകളിലും ആക്രമണം സൃഷ്ടിക്കുന്ന മതപ്രശ്‌നങ്ങള്‍ ലോകത്ത് ഇന്നുണ്ട്. പ്രസിദ്ധമായ പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഭാരതത്തില്‍ത്തന്നെയും മതദേശവാദങ്ങളും ദേശവാദവും വിഭാഗീയ ചിന്താഗതികളും നിലനില്‍ക്കുന്നു. എന്തിന്, ഇന്ന് കേരളക്കരയില്‍പ്പോലും ഇനിയും വെട്ടിമുറിച്ച് രാജ്യങ്ങളുണ്ടാകണം എന്ന വിഭാഗീയത തലപൊക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ മതമല്ല, അതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന വേലിക്കെട്ടുകളല്ല മനുഷ്യത്വമാണ് വലുത് എന്ന ഗുരുവിന്റെ ദര്‍ശനമാണ് നമുക്ക് അഭയം നല്‍കുന്നത്. അത് ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ ദേശത്തിന്റെയോ ദര്‍ശനമല്ല, ലോകത്തിന്റെ ദര്‍ശനമാണ്. ഗുരുദേവ മഹാപരിനിര്‍വ്വാണത്തിന്റെ ശതാബ്ദിയിലേക്ക് പദമൂന്നിയിരിക്കുന്ന ഇക്കാലത്ത് മനുഷ്യത്വത്തിലധിഷ്ഠിതമായ ഏകലോകദര്‍ശനം സഫലീകൃതമാകട്ടെ. ശതാബ്ദി ആചരണപരിപാടികള്‍ ജാതിമതരാഷ്‌ട്രഭേദമെന്യേ ഏവരേയും ഏകതയിലേക്ക് നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ജാതിയും മതവുമല്ല മനുഷ്യത്വമാണ് വലുത് എന്ന സന്ദേശം ഉള്‍ക്കൊണ്ട് ഈ മഹാസമാധിദിനത്തില്‍ ഏവരും പ്രതിജ്ഞയെടുക്കട്ടെയെന്ന് ആശം സിക്കുന്നു.
















