കൊല്ലം:ചവറ ഗുഹാനന്ദപുരം സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്ന ബാനര്‍ പിടിപ്പിച്ച സംഭവത്തില്‍ എസ് എഫ് ഐക്കെതിരെ കെ എസ് യു പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി വി ഡി സതീശന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് കാട്ടി കെ എസ് യു ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.
കുട്ടികളെക്കൊണ്ട് ഇത് ചെയ്യിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
അതേസമയം,പൂക്കി ബാനറിനെ ന്യായീകരിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി സഞ്ജീവുമടക്കം രംഗത്തെത്തി. ‘പൂക്കി’ എന്നത് ജെന്‍സി സമൂഹം വളരെ പോസിറ്റീവായും ഭംഗിയുളളത് എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്ന വാക്കാണെന്നതിനാല്‍ അതില്‍ അപരാധമൊന്നുമില്ലെന്നാണ് ചിന്താ ജെറോമിന്റെ പ്രതികരണം. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ ‘ശൈ ലജ്ജേ’ എന്നും ‘വിജയാ തീര്‍ന്നു’ എന്നും മുന്‍പ് ബാനറുയര്‍ത്തിയ കെ എസ് യുക്കാര്‍ ഇപ്പോഴത്തെ ഫ്‌ലെക്‌സ് വിവാദത്തില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് പറഞ്ഞ് നെഞ്ചത്തോട്ടു കയറേണ്ടതില്ലെന്നായിരുന്നു എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
















