ഭോപാൽ (മധ്യപ്രദേശ്): തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകുമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഓരോ വിഭാഗത്തിനും ബഹുമാനവും പങ്കാളിത്തവും മുന്നേറാനുള്ള അവസരവും ലഭിക്കുമ്പോഴാണ് സമൂഹത്തിന്റെ യഥാർത്ഥ ശക്തി പ്രകടമാവുന്നതെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
സന്ത് ശിരോമണി രവിദാസിന്റെ 650-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രവീന്ദ്ര ഭവനിൽ ചേർന്ന ശ്രമ സാധക സംഗമത്തിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്.
കർമ്മത്തെ അർച്ചനയായി കണ്ടവരാണ് നമ്മുടെ ആചാര്യന്മാർ. അധ്വാനവും ആരാധനയാണ്. ക്ഷേത്രത്തിൽ ഈശ്വരന് മുന്നിൽ പൂക്കൾ സമർപ്പിക്കുന്നത് മാത്രമല്ല പൂജ. ഒരാൾ സ്വന്തം കർമ്മം പൂർണ്ണ നിഷ്ഠയോടും ശുദ്ധമായ മനസ്സോടും കൂടി ചെയ്യുമ്പോൾ ആ കർമ്മം തന്നെ പൂജയായി മാറുന്നു.
മഹാഭാരതത്തിലെ ധർമ്മവ്യാധൻ അതിന് ഉദാഹരണമാണ്. ധർമ്മം ഏതെങ്കിലും തൊഴിലിനെയോ സാമൂഹിക പദവിയെയോ മാത്രം ആശ്രയിച്ചുള്ളതല്ല. ചെയ്യുന്ന തൊഴിൽ പൂർണ മനസ്സോടെയും നിഷ്ഠയോടും ഉത്തരവാദിത്തബോധത്തോടും കൂടി ചെയ്യുക എന്നതാണ് ധർമ്മത്തിന്റെ പ്രധാന രൂപമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മളെല്ലാം രാഷ്‌ട്രത്തിന്റെ അംഗങ്ങളാണെന്ന് സർകാര്യവാഹ് ഓർമ്മിപ്പിച്ചു. രാഷ്‌ട്രം ഏതെങ്കിലും ഭൂപ്രദേശത്തിന്റെ പേര് മാത്രമല്ല. കോടിക്കണക്കിന് ആളുകളുടെ ജീവിതം, അധ്വാനം, സംസ്കാരം, ബന്ധങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നതെല്ലാം ചേർന്നതാണ് അത്. അതിനാൽ ഓരോ വ്യക്തിക്കും രാഷ്‌ട്രത്തോട് കടമയും ഉത്തരവാദിത്തവുമുണ്ട്. സമൂഹത്തിൽ നിന്നും രാഷ്‌ട്രത്തിൽ നിന്നും വേറിട്ടുനിൽക്കുന്നവനല്ല, മറിച്ച് അതിന്റെ ഒരു ഭാഗമാണ് താനെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉള്ളിൽ ഉണ്ടാകുന്നത്.
തൊഴിലാളിയുടെ മകന് ശാസ്ത്രജ്ഞനും സന്യാസിയുമാകാം. സമൂഹത്തിലെ ഒരാളുടെ ഇന്നത്തെ അവസ്ഥ വെച്ച് ഭാവിയുടെ പരിധികൾ നിർണ്ണയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ സാധ്യതകളെ അംഗീകരിക്കുന്ന കാഴ്ചപ്പാടാണ് കർമ്മത്തിലും മനസ്സിലും വാക്കുകളിലും ഉണ്ടാകേണ്ടത്.
കുട്ടികൾക്ക് മുന്നേറാനുള്ള അവസരങ്ങൾ ലഭിക്കുന്ന തരത്തിലുള്ള അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകണം. സാമ്പത്തിക സാഹചര്യങ്ങളാകരുത് വിലയിരുത്തലിന്റെ മാനദണ്ഡം. ഒ സമൂഹം ഒന്നിച്ചുനിന്നാൽ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് എത്തിച്ചേരാനും ശാസ്ത്രജ്ഞരും പ്രൊഫസർമാരുമാകാനും സാധിക്കും.
സമൂഹത്തിൽ തൊഴിലിന്റെ അന്തസ്സ് വർദ്ധിക്കേണ്ടതുണ്ടെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ശാരീരിക അധ്വാനം സാമ്പത്തിക ആവശ്യത്തിന് വേണ്ടിയുള്ളത് മാത്രമല്ല, ജീവിതത്തിന്റെയും സമൂഹത്തിന്റെയും തുലനാവസ്ഥ നിലനിർത്തുന്നതിനും അത് ആവശ്യമാണ്.
സമൂഹത്തിന്റെ വലിയൊരു വിഭാഗം അധ്വാനത്തിൽ നിന്നും അകന്നുപോവുകയും അത് ചിലരുടെ മാത്രം ജോലിയായി ചുരുങ്ങുകയും ചെയ്യുന്നത് ഒരു സംസ്കാരത്തിനും നല്ലതല്ല. തലച്ചോറ് കൊണ്ട് ജോലി ചെയ്യുന്നവരും കൈകൾ കൊണ്ട് ജോലി ചെയ്യുന്നവരും രാഷ്‌ട്രനിർമ്മാണ പ്രക്രിയയിൽ തുല്യ പ്രാധാന്യമുള്ളവരാണ്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ചുനിർത്താനും പരസ്പര ബഹുമാനം വളർത്താനുമുള്ള ഇത്തരം ശ്രമങ്ങൾ തുടരേണ്ടതാണെന്ന് സർകാര്യവാഹ് പറഞ്ഞു.
പരിപാടിയിൽ മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാൽ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാൽക്കർ എന്നിവരും പങ്കെടുത്തു.
















