ന്യൂദല്‍ഹി: അയോദ്ധ്യ ശ്രീരാമലല്ലക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ദൗര്‍ഭാഗ്യകരമായ ഈ സംഭവം മുതലെടുത്ത് ഹിന്ദുധര്‍മ്മത്തെയും സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹിന്ദുവിരുദ്ധ, ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനകള്‍ പരാജയപ്പെടുത്തണമെന്ന് ആര്‍എസ്എസ് ആഹ്വാനം ചെയ്യുന്നു. ക്ഷമയും സംയമനവും പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അത്യന്തം ദുഃഖകരമായ ഈ സംഭവം രാമഭക്തരുടെയും മുഴുവന്‍ സമൂഹത്തിന്റെയും വികാരങ്ങളെയും വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു.
തലമുറകളുടെ പോരാട്ടങ്ങളുടെയും ദശലക്ഷക്കണക്കിന് രാമഭക്തരുടെ സമര്‍പ്പണം, ത്യാഗം, ഭക്തി എന്നിവയുടെയും ഫലമായാണ് ശ്രീരാമജന്മഭൂമിയില്‍ മനോഹരമായ ക്ഷേത്രം നിര്‍മ്മിച്ചത്. ഇത് ഇന്ന് മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും ഭക്തിയുടെയും വിശ്വാസത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
അങ്ങേയറ്റം അപലപനീയമായ ഈ സംഭവത്തെ അസാധാരണമെന്ന് കണക്കാക്കി മാനേജ്മെന്റിലും ഭരണത്തിലുമുള്ള എല്ലാ പോരായ്‌മകളും പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ രാമക്ഷേത്രട്രസ്റ്റ് സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് ഉള്‍പ്പെടെ മുഴുവന്‍ ഹിന്ദുസമൂഹവും സ്വാഭാവികമായും പ്രതീക്ഷിക്കുന്നത്.
ദശലക്ഷക്കണക്കിന് രാമഭക്തരുടെ വിശ്വാസവും ഭക്തിയും തകര്‍ക്കുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ല. നിലവിലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും അവസാനിക്കണം. ഇക്കാര്യത്തില്‍, ക്ഷേത്ര മാനേജ്മെന്റും സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശരിയായ സാമ്പത്തിക മാനേജ്മെന്റ്, സുഗമമായ പ്രവര്‍ത്തനത്തിനുള്ള കുറ്റമറ്റതും സുതാര്യവുമായ സംവിധാനങ്ങള്‍, നീതിയും വിശുദ്ധിയും നിറഞ്ഞ അന്തരീക്ഷം എന്നിവയിലൂടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഹിന്ദു സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും നിലനിര്‍ത്തുമെന്ന് വിശ്വസിക്കുകയാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
















